പി. രാഘവൻ: സഹകരണമേഖലയിൽ കൈയൊപ്പ് ചാർത്തിയ നേതാവ്
text_fieldsകാസർകോട്: ജില്ലയിലെ സഹകരണമേഖലയിൽ കൈയൊപ്പ് ചാർത്തിയ നേതാവാണ് കഴിഞ്ഞദിവസം നിര്യാതനായ സി.പി.എം നേതാവ് പി. രാഘവൻ. പ്രാഥമിക സഹകരണ സംഘം മുതൽ സിനിമ മേഖലയിൽ വരെ അതിെൻറ സാധ്യതകൾക്ക് വിധേയമാക്കി. ജില്ലയിൽ സി.പി.എമ്മിനെയും സി.ഐ.ടി.യുവിനെയും വളർത്തിക്കൊണ്ടുവരാൻ ഏറ്റവും വലിയ വഴിയായി രാഘവൻ കണ്ടത് സഹകരണമേഖലയെയാണ്.
കാസർകോട് കോളജിൽ വിദ്യാർഥിയായിരിക്കെ മെഹ്ബൂബ് ബസ് തൊഴിലാളികളുടെ പണിമുടക്ക് സമരത്തിന് നേതൃത്വം നൽകിയതിലൂടെയാണ് രാഘവെൻറ രാഷ്ട്രീയ വളർച്ച ആരംഭിക്കുന്നത്. ബസ് കണ്ടക്ടറായിരുന്ന വരദരാജ പൈ കൊല്ലപ്പെട്ട സംഭവം ഏറ്റെടുത്ത് പ്രക്ഷോഭത്തിനിറങ്ങിയ രാഘവൻ തൊഴിലാളികൾക്ക് പ്രിയങ്കരനായി. രാഘവൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറിയായിരിക്കെ നിർമിച്ച സി.ഐ.ടി.യു ജില്ല കമ്മിറ്റി ഓഫിസ് വരദരാജ പൈ സ്മാരകമാക്കി.
പിന്നീട് പി. രാഘവെൻറ നേതൃത്വത്തിൽ ജില്ല മോട്ടോർ തൊഴിലാളി സഹകരണ സംഘം സ്ഥാപിക്കുകയും 'വരദരാജ പൈ' എന്ന പേരിൽ ബസുകൾ ഇറക്കുകയും ചെയ്തു. മോട്ടോർ തൊഴിലാളികളെ സംഘടിപ്പിച്ച് യൂനിയൻ ശക്തമാക്കിയ രാഘവൻ, യൂനിയൻ ജില്ല പ്രസിഡൻറും ബസ് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറും ഫെഡറേഷന്റെ ദേശീയ പ്രവർത്തകസമിതി അംഗവുമായി.
കാസർകോട് എൻ.ജി.കെ പ്രിൻറിങ് സൊസൈറ്റി, മോട്ടോർ തൊഴിലാളി സഹകരണ സംഘം, കാസർകോട് പീപ്പിൾസ് വെൽഫയർ സഹകരണ സൊസൈറ്റി, ബേഡകം ക്ലേ വർക്കേഴ്സ് സഹകരണസംഘം, കാസർകോട് ആയുർവേദ സഹകരണസംഘം, പഴം- പച്ചക്കറി സഹകരണസംഘം, കാസർകോട് ദിനേശ് ബീഡി സഹകരണസംഘം എന്നിവ സ്ഥാപിച്ചത് രാഘവനാണ്. കാസർകോട് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെയും കാസർകോട് പീപ്പിൾസ് വെൽഫയർ സഹകരണ സംഘത്തിന്റെയും പ്രസിഡൻറാണ് നിലവിൽ രാഘവൻ. വിദ്യാഭ്യാസ സഹകരണസംഘത്തിന്റെ കീഴിൽ ആരംഭിച്ചതാണ് മുന്നാട് പീപ്പിൾസ് സഹകരണ കോളജ്.
ജില്ല സഹകരണ ബാങ്ക് ഡയറക്ടർ, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, സംസ്ഥാന സഹകരണ ആശുപത്രി ഫെഡറേഷൻ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കൊളത്തൂർ സർവിസ് സഹകരണ ബാങ്ക്, കാസർകോട് ബ്ലോക്ക് വനിത സൊസൈറ്റി, ബേഡകം പട്ടികജാതി പട്ടികവർഗ സഹകരണ സംഘം എന്നിവയുടെ രൂപവത്കരണത്തിനും നേതൃത്വം വഹിച്ചു. 1984ൽ ജില്ല നിലവിൽവന്നപ്പോൾ സി.ഐ.ടി.യു ജില്ല പ്രസിഡൻറായി. സി.ഐ.ടി.യു സെക്രട്ടറിയായിരുന്ന എ.കെ. നാരായണൻ സി.പി.എം ജില്ല സെക്രട്ടറിയായതിനെ തുടർന്ന് രാഘവൻ സി.ഐ.ടി.യു ജില്ല സെക്രട്ടറിയായി.
എ.കെ. നാരായണൻ കൺസ്യൂമർ ഫെഡ് ചെയർമാനായി പോയപ്പോൾ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന യോഗത്തിനെത്തിയത് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വജയനായിരുന്നു. സതീഷ് ചന്ദ്രനെ സെക്രട്ടറിയാക്കാൻ നേതൃത്വം നിലപാടെടുത്തപ്പോൾ അതിനെതിരെ മത്സരത്തിന് രാഘവൻ ഒരുങ്ങിയിരുന്നു. അന്ന് ജില്ല നേതൃത്വത്തിൽ ചേരിതിരിവും ഉണ്ടായിരുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു. ഇ.എം.എസ്, എ.കെ.ജി, നായനാർ എന്നിവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ഉദുമയെ ഇടത്തോട്ട് തിരിച്ച് നിലനിർത്തി
കാസർകോട്: യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന ഉദുമ നിയോജക മണ്ഡലത്തെ ഇടത്തോട്ട് തിരിച്ച് നിലനിർത്തിയത് രാഘവന്റെ മിടുക്കായിരുന്നു. 1991ൽ ഉദുമയിൽനിന്ന് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 916 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സിറ്റിങ് എം.എൽ.എ കോൺഗ്രസിലെ കെ.പി. കുഞ്ഞിക്കണ്ണനെയാണ് പരാജയപ്പെടുത്തിയത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സഹതാപ തരംഗത്തിനിടയിൽ നടന്ന തെരഞ്ഞെടുപ്പ് രാഘവന്റെ ജനബന്ധത്തിന്റെ നേർ സാക്ഷ്യമായി. 1996ൽ രണ്ടാമതും ഉദുമയിൽനിന്ന് പതിനായിരത്തിലേറെ വോട്ടുകൾക്ക് വീണ്ടും വിജയിച്ചു. പിന്നെ ഇടതുമുന്നണിക്ക് ഉദുമയിൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.