നേതാക്കൾ കുപ്പായം തുന്നേണ്ട; പുതുമുഖങ്ങളെ പരീക്ഷിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം
text_fieldsതിരുവനന്തപുരം: മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നീക്കം. പഴയനിലയിൽ സ്വന്തമായി ‘കുപ്പായം തുന്നി’ സ്ഥാനാർഥിയാകാനുള്ള ചരടുവലി വേണ്ടെന്നാണു നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാനത്തെ പ്രധാന നേതാക്കൾ കൂട്ടത്തോടെ മൽസരിക്കുന്ന രീതി വേണ്ടെന്നും നിരവധി തവണ മൽസരിച്ച് പരാജയപ്പെട്ടവർക്ക് സീറ്റ് അനുവദിക്കില്ലെന്നും വ്യക്തമായ സൂചനയാണ് കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ മുഖേന ദേശീയ നേതൃത്വം നൽകുന്നത്.
ഓരോ ജില്ലയിൽനിന്നും യോഗ്യതയുള്ളവരുടെ പട്ടിക തയാറാക്കി നൽകാനും അതു പരിശോധിച്ച് ഉചിത സ്ഥാനാർഥിയെ നിയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ബി.ജെ.പി വീടുകൾ തോറുമുള്ള പ്രചാരണം ഉൾപ്പെടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥാനാർഥി മോഹം മാറ്റി നിർത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേതാക്കൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. സ്ഥിരമായി മൽസരിക്കുന്നവർ മാറി നിൽക്കണമെന്ന് പറയാതെ പറയുമ്പോഴും വിജയസാധ്യത പരിഗണിച്ച് ചിലർക്ക് ഇളവ് നൽകും. ഒരു സീറ്റിലെങ്കിലും വിജയിക്കാൻ ഉറപ്പിച്ചാണു നീക്കങ്ങൾ. എൻ.ഡി.എ വിപുലീകരണം ഉൾപ്പെടെ കാര്യങ്ങളും പരിഗണനയിലുണ്ട്. മറ്റു പാർട്ടികളിൽനിന്ന് കൂടുതൽ നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കാനാണ് മറ്റൊരു ശ്രമം. ഒപ്പം അണികളുണ്ടോ എന്നതിനേക്കാൾ അവർക്ക് ജനങ്ങളിൽ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ടോ എന്നാവും പരിഗണിക്കുക. പുറമെ പൊതുസമ്മതരായ ആളുകളെയും സ്ഥാനാർഥികളായി നോക്കും. വിജയസാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ദേശീയ നേതൃത്വം നേരിട്ട് തീരുമാനിക്കും.
തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ സംസ്ഥാനത്തെത്തും. കർണാടക തെരഞ്ഞെടുപ്പ് പരാജയ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.