എ ഗ്രൂപ്പിന് പ്രാധാന്യം നൽകിയില്ലെന്ന്; കോൺഗ്രസ് പുനഃസംഘടന സമിതിയിൽനിന്ന് രാജിപ്രഖ്യാപനവുമായി നേതാക്കൾ
text_fieldsമലപ്പുറം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിർണയത്തിൽ എ ഗ്രൂപ്പിന് അർഹമായ പ്രാധാന്യം നൽകിയില്ലെന്നാരോപിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും മുൻ എം.പി സി. ഹരിദാസും കോൺഗ്രസ് പുനഃസംഘടന സമിതിയിൽനിന്ന് രാജി പ്രഖ്യാപിച്ചു. ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യുദ്ധമല്ല, സമാധാനം’ ഫലസ്തീൻ ഐക്യദാർഢ്യ ജനസദസ്സിന്റെ സ്വാഗതസംഘ രൂപവത്കരണത്തിന് എ ഗ്രൂപ് മലപ്പുറം കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരക ഹാളിൽ വിളിച്ചുചേർത്ത യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
പാർട്ടിക്കായി പ്രവർത്തിച്ചവർക്ക് അർഹമായ പ്രാധാന്യം ലഭിക്കാത്തതിൽ പ്രവർത്തകർക്ക് മനോവേദനയുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വിഷയം സംസ്ഥാന നേതൃത്വത്തോട് ചർച്ച ചെയ്തിരുന്നെങ്കിലും അനുകൂല തീരുമാനം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ചർച്ച തുടരുമെന്നും മറ്റു കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ മാസം ഏഴിന് പുറത്തുവന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ അന്തിമ പട്ടികയിൽ എ ഗ്രൂപ്പിന് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്നാണ് പരാതി. തുടർന്ന് പ്രതിഷേധവുമായി എ ഗ്രൂപ് ഈ മാസം എട്ടിന് മഞ്ചേരിയിൽ ആര്യാടൻ ഷൗക്കത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഗ്രൂപ് അവഗണന അംഗീകരിക്കാനാകില്ലെന്നാണ് യോഗത്തിൽ ഐകകണ്ഠ്യേന ഉയർന്ന വികാരം.
ഇതിനിടെ, ജില്ല കോൺഗ്രസ് അധ്യക്ഷനെതിരെ സേവ് കോൺഗ്രസ് മലപ്പുറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പോസ്റ്റർ പുറത്ത് വന്നിരുന്നു. വിഷയം കെ.പി.സി.സിക്ക് മുന്നിലേക്കും നീണ്ടു. എ ഗ്രൂപ് നേതാക്കൾ കെ.പി.സി.സി അധ്യക്ഷനെ കാണുകയും ജില്ലയിലെ പ്രശ്നം ധരിപ്പിക്കുകയും ചെയ്തു. എന്നാൽ, കെ.പി.സി.സി നേതൃത്വത്തിൽനിന്ന് അനുകൂല മറുപടി ലഭിക്കാതെ വന്നതോടെയാണ് പുനഃസംഘടന സമിതിയിൽനിന്ന് രാജിപ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.