ചേളാരി, കണ്ണൂർ എൻ.ഐ.എ റെയ്ഡിന് പോപുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന് നേതാക്കൾ
text_fieldsമലപ്പുറം/കണ്ണൂർ: ചേളാരിയിലും കണ്ണൂരിലും നടന്ന എൻ.ഐ.എ റെയ്ഡുമായി പോപുലർ ഫ്രണ്ടിന് ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു. സംഘടനയെ ബന്ധപ്പെടുത്തി വാർത്തകൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങൾ പിന്തിരിയണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ല പ്രഡിഡന്‍റ് പി. അബ്ദുൽ അസീസ്, കണ്ണൂർ ജില്ല സെക്രട്ടറി സി.സി. അനസ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പോപുലർ ഫ്രണ്ട് ചേളാരി ഏരിയ സെക്രട്ടറി ഹനീഫ ഹാജിയുടെ മരുമകന്‍റെ ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായാണ് റെയ്ഡ് നടത്തുന്നതെന്നാണ് അറിയാൻ സാധിച്ചത്. ഹനീഫ ഹാജിയുടെ മരുമകൻ രാഹുൽ അബ്ദുല്ലക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ പോപുലർ ഫ്രണ്ടിനെ കേസിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.
രാഷ്ട്രീയ എതിരാളികളെ കൂച്ചുവിലങ്ങിടാനുള്ള ഒരു ഏജൻസിയായി എൻ.ഐ.എ മാറിയെന്നത് ഏവർക്കുമറിയാം. റെയ്ഡിന്‍റെ കാരണം വെളിപ്പെടുത്തേണ്ട എൻ.ഐ.എ മൗനം പാലിക്കുമ്പോൾ ചില മാധ്യമങ്ങൾ ഭീകര പരിവേഷം നൽകുന്നതിന് പിന്നിൽ പൊലീസിലെയും മാധ്യമങ്ങളിലെയും തൽപ്പര കക്ഷികളുടെ പ്രത്യേക താൽപ്പര്യമാണ് വെളിപ്പെടുന്നത്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ ജനങ്ങൾ തയാറാകണമെന്നും ചില മാധ്യമങ്ങളുടെ നുണ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.