പാണക്കാട് ഖാദി ഫൗണ്ടേഷൻ സമസ്തക്കെതിരാണെന്നത് വ്യാജ പ്രചാരണമെന്ന് നേതാക്കൾ
text_fieldsകോഴിക്കോട്: പാണക്കാട് കുടുംബാംഗങ്ങൾ ഖാദിമാരായ പ്രദേശങ്ങളെ ഏകോപിപ്പിച്ച് പാണക്കാട് ഖാദി ഫൗണ്ടേഷൻ നേതൃസംഗമം ശനിയാഴ്ച സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഖാദി ഭവൻ സ്ഥാപിക്കുക, മഹല്ലുകളുടെ ഐക്യം നിലനിർത്തുക, ലഹരിമുക്ത മഹല്ല്, നവലിബറൽ ചിന്തകളെ പ്രതിരോധിക്കുക, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവെക്കുന്ന നേതൃസംഗമത്തിൽ ഏഴ് ജില്ലകളിലെ 1500ഓളം മഹല്ലുകളിൽനിന്ന് 12,000 പ്രതിനിധികൾ പങ്കെടുക്കും. ഇത് സമസ്തക്ക് എതിരായ കൂട്ടായ്മയാണെന്നത് തെറ്റായ പ്രചാരണമാണെന്നും സമസ്തയിലെ ഭാരവാഹികൾ തന്നെയാണ് ഇതിന്റെയും സംഘാടകരെന്നും ചോദ്യത്തിന് മറുപടിയായി നേതാക്കൾ വ്യക്തമാക്കി. സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധമില്ലെന്നും രണ്ടും രണ്ട് തലത്തിൽ പ്രവർത്തിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
സമസ്തയുടെ ആദർശം പറഞ്ഞതിന് ഒരു മഹല്ലിൽനിന്നും ആരെയും പിരിച്ചുവിട്ടിട്ടില്ല. സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങൾ വിദേശത്തായതിനാലാണ് പങ്കെടുക്കാതിരിക്കുന്നത്. അദ്ദേഹം പരിപാടിക്ക് ആശംസ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ വിശദീകരിച്ചു.
കണ്ണൂർ, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ മഹല്ല് സ്ഥാപന ഭാരവാഹികളും ഖതീബുമാരുമാണ് സംഗമത്തിൽ പങ്കെടുക്കുക. സമസ്ത ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാർ പതാക ഉയർത്തുന്ന പരിപാടി സയ്യിദ് നിസാർ ഹുസൈനി ഉദ്ഘാടനം ചെയ്യും. സാദിഖലി തങ്ങൾ അധ്യക്ഷത വഹിക്കും.
പാണക്കാട് കുടുംബത്തിലെ ഖാദിമാരായ അബ്ബാസലി തങ്ങൾ, റഷീദലി തങ്ങൾ, ഹമീദലി തങ്ങൾ, ബഷീറലി തങ്ങൾ, മുനവ്വറലി തങ്ങൾ, മുഈനലി തങ്ങൾ എന്നിവരും സമസ്ത പോഷക സംഘടന നേതാക്കളും പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ പരിപാടിയുടെ ചെയർമാൻ എം.സി. മായിൻ ഹാജി, കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ, അബൂബക്കർ ഫൈസി മലയമ്മ, നാസർ ഫൈസി കൂടത്തായി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.