പുറത്താക്കപ്പെട്ട നേതാക്കൾ ‘പെരിയ’പോരാട്ടത്തിന്
text_fieldsകാസർകോട്: കല്യോട്ട് ഇരട്ടക്കൊലക്കേസിലെ പതിമൂന്നാം പ്രതിയുടെ മകന്റെ കല്യാണച്ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ പുറത്തുപോകാതെ ‘പെരിയ’പോരാട്ടത്തിന്.
കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സഹോദരനും യു.ഡി.എഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയർമാനുമായ രാജൻപെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ ടി. രാമകൃഷ്ണൻ പെരിയ, പ്രമോദ് പെരിയ എന്നിവർ പാർട്ടിയിൽതന്നെ തുടർന്ന് തന്ത്രപരമായ പോരാട്ടത്തിനാണ് തുടക്കം കുറിക്കുന്നത്. പെരിയ കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളാണ് പുറത്താക്കപ്പെട്ട എല്ലാവരും.
മാധ്യമമേഖലയിൽ ശബ്ദകലകൊണ്ട് ശ്രദ്ധേയനായ ആർ.ജെ. കൂടിയായ ബാലകൃഷ്ണന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി അടുത്ത ബന്ധമുണ്ട്. ഒരുപരിധിവരെ ബാലകൃഷ്ണനെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ഉണ്ണിത്താന്റെ ശക്തമായ നിലപാടിൽ നടപടിയെടുക്കാൻ കഴിയാത്തസ്ഥിതിയിൽ എത്തുകയായിരുന്നു.
പെരിയ ഇരട്ടക്കൊലക്കേസിലെ പതിമൂന്നാംപ്രതിയുടെ മകന്റെ കല്യാണച്ചടങ്ങിൽ പങ്കെടുത്തും ചിത്രമെടുത്തത് ആഘോഷിച്ചും പെരിയ കല്യോട്ട് മേഖലയിൽ കോൺഗ്രസ് യുവാക്കൾക്കിടയിൽ നിലനിൽക്കുന്ന വൈകാരികതയെ വെല്ലുവിളിച്ചുവെന്നതാണ് ഇവർ ചെയ്ത കുറ്റം.
പ്രകോപിതരായ അണികളുടെ പരാതി അതിലും വൈകാരികമായി ഉണ്ണിത്താൻ ഏറ്റെടുത്തതോടെ ബാലകൃഷ്ണന്റെ കാര്യത്തിൽ തീരുമാനമായി. കല്യാണംകൂടലും തുടർന്ന് ഉണ്ണിത്താനെതിരെയുണ്ടായ നാക്കുപിഴയും നടപടിക്കുള്ള എല്ലാ തെളിവുകളുമായി.
കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു ബാലകൃഷ്ണൻ. അടുത്ത തെരഞ്ഞെടുപ്പിലും അതിനുള്ള സാധ്യതയുണ്ടായിരുന്നു. ഇപ്പോഴും ബാലകൃഷ്ണനും സംഘവും പുറത്താക്കിയ പാർട്ടിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും കുറ്റപ്പെടുത്തിയിട്ടില്ല. പരാതിക്കാരനെ മാത്രമാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇത് ചില സൂചനകൾ നൽകുന്നുണ്ട്.
പുറത്താക്കൽ നടപടി താൽക്കാലികം മാത്രമാണെന്നും ഉണ്ണിത്താനെ തണുപ്പിക്കുന്നതിനുള്ള അടവാണെന്നും കരുതുന്നവരുണ്ട്. പാർട്ടിയിലേക്ക് തിരിച്ചുവരവിനുള്ള വഴികൂടി ഉറപ്പിച്ചാണ് പുറത്താക്കലെന്നാണ് രാഷ്ട്രീയ നിരീക്ഷണം. പുറത്താക്കപ്പെട്ടവരെ സി.പി.എം, ബി.ജെ.പി നേതാക്കൾ ബന്ധപ്പെട്ടിട്ടും പുറത്തുപോകാൻ കൂട്ടാക്കാത്തതും ചർച്ചയാണ്.
പാർട്ടിയെ പോറലേൽപിക്കാതെ പൊരുതും -പുറത്താക്കപ്പെട്ടവർ
കാസർകോട്: പാർട്ടിയെ പോറലേപിക്കാതെ ഉണ്ണിത്താനെതിരെ പൊരുതുമെന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ. ഉണ്ണിത്താൻ ഒഴിച്ചുകൊടുത്ത മഷികൊണ്ടാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയതെന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ രാജൻ പെരിയ, പ്രമോദ് പെരിയ, ടി. രാമകൃഷ്ണൻ എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉണ്ണിത്താനെ പേടിച്ചാണ് നടപടിയെടുത്തത്. കോൺഗ്രസ് തങ്ങളുടെ ജീവാത്മാവും പരമാത്മാവുമാണ്. അതിനുപോറലേൽപിക്കാതെ ഉണ്ണിത്താനെന്ന അശ്വമേധത്തെ പിടിച്ചുകെട്ടും. ഉണ്ണിത്താൻ കാസർകോടിനുവേണ്ടി ഒന്നും ചെയ്തില്ല. പകരം അദ്ദേഹം ഊറ്റിക്കുടിക്കുകയാണുണ്ടായത്. പാർട്ടി കമീഷൻ തീരുമാനം ഏകപക്ഷീയമാണ്. കമീഷൻ വന്നയുടൻ പറഞ്ഞത് തങ്ങൾ ഗുരുതരവീഴ്ച വരുത്തിയെന്നാണ്.
അന്വേഷണം നടത്താതെയാണ് നടപടി. കല്യാണച്ചടങ്ങിൽ പങ്കെടുത്തത് നാട്ടാചാരമെന്ന നിലയിലാണ്. ധാരാളം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ചാൽ നടപടി ഒഴിവാക്കാമെന്നാണ് കെ.പി.സി.സി സെക്രട്ടറി നിയാസ് പറഞ്ഞത്.
കെ.പി.സി.സി സംഘടന സെക്രട്ടറി വി.യു. രാധാകൃഷ്ണനും സെക്രട്ടറി സ്ഥാനം രാജിവെക്കാൻ പറഞ്ഞു. നടപടിയെടുക്കൂ വെന്നും എങ്കിൽ ഉണ്ണിത്താനെ തുറന്നുകാട്ടാമെന്നും താൻ മറുപടി പറഞ്ഞു. 236 ഹൈമാസ്റ്റ് ലൈറ്റുകളാണ് ഉണ്ണിത്താൻ മണ്ഡലത്തിൽ നൽകിയത്.
ഒരുഹൈമാസ്റ്റ് ലൈറ്റിന് ഒരുലക്ഷം രൂപയാണ് വില. ഈ ഇടപാടിൽ വലിയ അഴിമതിയാണ് അദ്ദേഹം നടത്തിയത്. പെട്രോൾ അടിക്കാൻ പണമില്ലെന്ന് പറയുന്ന അദ്ദേഹം നിരവധിപേരിൽ നിന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണംപരിച്ചതിന് തെളിവുണ്ട്.
മതപരമായ സംഘർഷത്തിൽനിന്ന് മുതലെടുക്കാൻ ഉണ്ണിത്താൻ ശ്രമിച്ചു. അതിനാണ് അദ്ദേഹം കുറിമായ്ച്ചത്. അങ്ങനെയല്ല എന്നുപറയാൻ വെല്ലുവിളിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള അലർജികാരണമാണ് അദ്ദേഹം കുറിമായ്ച്ചതെന്ന് ത്വഗ്രോഗവിദഗ്ധനെ കൊണ്ടുവന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും.
നാടിനാകെ അവമതിപ്പുണ്ടാക്കി സാമുദായിക സൗഹാർദത്തെ ഇല്ലാതാക്കി സകലതും കവർന്നെടുത്തയാളാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ പോരാട്ടം ഇവിടെനിന്നും തുടങ്ങും. എന്റെ പാർട്ടിയെ പോറലേൽപിക്കില്ല. കല്യോട്ട് രക്തസാക്ഷികളെ രണ്ടിടത്ത് അടക്കം ചെയ്യാനാണ് തീരുമാനിച്ചത്.
അവർ രണ്ടുവിഭാഗത്തിൽപെട്ടവരായിരുന്നു. എന്നാൽ, പത്തുസെന്റ് സ്ഥലത്തിന്റെ പൈസതാരം രണ്ടുമക്കളെയും ഒരിടത്ത് തന്നെ അടക്കം ചെയ്യണമെന്ന് തങ്ങളാണ് പറഞ്ഞത്. സാക്ഷി പറഞ്ഞതിന്റെ പേരിൽ സി.പി.എമ്മിന്റെ ഊരുവിലക്കിനുവിധേയമായ കുടുംബമാണ് തങ്ങളുടേതെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനും പുറത്താക്കൽ നടപടിയിൽ പങ്കുണ്ട്. അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ നിലനിൽക്കെയാണ് ഡി.സി.സി പ്രസിഡന്റാക്കാൻ കെ.പി.സി.സി പ്രസിഡന്റ് മടിച്ചുനിൽക്കുമ്പോൾ പിന്തുണച്ചയാളാണ് താൻ -ബാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.