കോൺഗ്രസിൽ നേതൃമാറ്റ ചർച്ച; ഐക്യനീക്കത്തിൽ കല്ലുകടി
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ചക്ക് തുടക്കമിട്ട് ദേശീയ നേതൃത്വം. എ.ഐ.സി.സി ജന.സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാന നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ബെന്നി ബഹ്നാൻ എം.പി, വി.എസ്. ശിവകുമാർ, അഡ്വ. സണ്ണി ജോസഫ്, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവരെയാണ് അവർ കണ്ടത്. ചൊവ്വാഴ്ച അവർ കൂടുതൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് പോകാൻ കഴിയുമോ, വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പ്രവർത്തനം തൃപ്തികരമോ എന്നിവയാണ് ദീപാദാസ് മുൻഷി ആരാഞ്ഞത്. നീണ്ട ഇടവേളക്കുശേഷം ഞായറാഴ്ച നടന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള ഭിന്നത പുറത്തുവരുന്നതും മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള കരുനീക്കങ്ങളും പാർട്ടിയുടെ സാധ്യതകളെ നശിപ്പിക്കുന്നതാണെന്ന് മുതിർന്ന നേതാക്കളടക്കം അഭിപ്രായപ്പെട്ടിരുന്നു.
കെ.പി.സി.സിയുടെയും പ്രതിപക്ഷത്തിന്റെയും പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽനിന്ന് ലഭിച്ച മോശം അഭിപ്രായങ്ങൾ യോഗത്തിൽ പങ്കുവെച്ച ദീപാദാസ് മുൻഷി, യോജിച്ച് മുന്നോട്ടുപോകാൻ നിർദേശം നൽകിയിരുന്നു. ഐക്യമില്ലാത്ത സംവിധാനത്തിനൊപ്പം നിൽക്കാൻ താൽപര്യമില്ലെന്നും പദവി ഒഴിയാൻ തയാറാണെന്നും അവർ രാഷ്ട്രീയകാര്യസമിതിയിൽ തുറന്നടിച്ചിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച കെ. സുധാകരനും വി.ഡി. സതീശനും സംയുക്ത വാർത്ത സമ്മേളനം നടത്തി ഐക്യസന്ദേശം നൽകാൻ ധാരണയായി. എന്നാൽ, യോഗം പിരിഞ്ഞതോടെ ഐക്യം വഴിമാറി. ഇരുവരും തലസ്ഥാനത്തുണ്ടായിട്ടും വാർത്തസമ്മേളനം മാറ്റി.
നേതൃമാറ്റ ചർച്ചകൾ കോൺഗ്രസിൽ പുതിയ അലയൊലികൾ സൃഷ്ടിക്കുന്നുണ്ട്. നേതാക്കളുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചയിൽ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ദീപാദാസ് മുൻഷി ഹൈകമാൻഡിന് റിപ്പോർട്ട് നൽകും. നേതൃമാറ്റത്തിൽ ഇത് നിർണായകമാകുമെന്നാണ് വിവരം. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് സുധാകരൻ മാറണമെന്ന അഭിപ്രായം പലരും മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, സാമുദായിക പ്രാതിനിധ്യം പാലിച്ച് പകരം ആരെന്ന ചോദ്യത്തിന് നേതാക്കൾ പലതട്ടിലാണ്. അതാണ് നേതൃമാറ്റ ചർച്ചകളിൽ ഹൈകമാൻഡിന് മുന്നിലെ പ്രധാന വെല്ലുവിളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.