നേതൃത്വം അധികാരത്തിന് പിറകെ; ലീഗിൽ വിമർശനം
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിന് മലപ്പുറത്ത് നിലമെച്ചപ്പെടുത്താൻ കഴിയാത്തതിലും മലപ്പുറത്തിന് പുറത്ത് ദയനീയ പരാജയം രുചിക്കേണ്ടിവന്നതിലും നേതൃത്വത്തിെൻറ അധികാരക്കൊതിയും പിടിപ്പുകേടുമെന്ന വിമർശനം ശക്തം. സ്ഥാനാർഥി നിർണയങ്ങളിലടക്കം പാർട്ടി താൽപര്യത്തെക്കാൾ വ്യക്തിതാൽപര്യങ്ങൾ കടന്നുകൂടിയതാണ് അനുകൂല സാഹചര്യംപോലും മുതലാക്കാൻ കഴിയാതിരുന്നതിന് പിന്നിലെന്ന് രണ്ടാം നേതൃനിര വിമർശനം ഉന്നയിക്കുന്നു.
സ്ഥാനാർഥികളെ നിശ്ചയിക്കുന്ന ലീഗ് പാർലമെൻററി ബോർഡ് ഒന്നടങ്കം പ്രതിക്കൂട്ടിലായതിനാൽ ആരും പരസ്യ പ്രതികരണത്തിന് മുതിരുന്നില്ലെങ്കിലും നേതൃത്വത്തിെൻറ നിലപാടിൽ അതൃപ്തി പുകയുകയാണ്. അതിനിടെ, തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ലീഗ് ഉന്നതാധികാര സമിതി യോഗവും പാർലമെൻററി പാർട്ടി യോഗവും വ്യാഴാഴ്ച പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേരും. പുതിയ എം.എൽ.എമാരും യോഗത്തിൽ പങ്കെടുത്തേക്കും.
പാർലമെൻററി ബോർഡിലെ ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ഒഴിച്ചുള്ള ഏഴുപേരും അധികാര രാഷ്ട്രീയത്തിന് പിറകെ പോയതിനെതിരെയാണ് പ്രധാന വിമർശനം. ബോർഡ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ നിലവിൽ എം.പിയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, എം.കെ. മുനീർ എന്നിവരും അധികാര വഴിയെ നടന്നതോടെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ നേതാക്കളില്ലാതായി. മറ്റൊരു അംഗമായ വി.കെ. ഇബ്രാഹിം കുഞ്ഞ് കേസിൽപെട്ടതിനാൽ മത്സര രംഗത്തുണ്ടായില്ല.
തങ്ങളുടെ അധികാരസ്ഥാനങ്ങൾ ഉറപ്പാക്കിയശേഷം മാത്രം മറ്റുള്ളവർക്ക് വീതംവെക്കുന്ന അവസ്ഥയിലേക്ക് പാർട്ടിയെ നേതൃത്വം താഴ്ത്തിക്കെട്ടിയെന്നാണ് രണ്ടാം നേതൃനിര കുറ്റപ്പെടുത്തുന്നത്.
അതോടൊപ്പം, സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലും വ്യക്തിതാൽപര്യങ്ങൾ പ്രകടമായതായി ആക്ഷേപമുണ്ട്. ചില സ്ഥാനാർഥികളുടെ കാര്യത്തിൽ മണ്ഡലം കമ്മിറ്റികളുടെ എതിർപ്പ് ചൂണ്ടിക്കാട്ടി നേതൃത്വം തടയിട്ടപ്പോൾ മറ്റു ചിലരെ മണ്ഡലത്തിലേക്ക് അടുപ്പിക്കരുതെന്ന് കമ്മിറ്റികൾ ആവശ്യപ്പെട്ടിട്ടും അടിച്ചേൽപിച്ചു.
ഇതാണ് പലരുടെയും പരാജയത്തിന് വഴിതെളിച്ചതെന്ന് മുതിർന്ന നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു. മലപ്പുറം കഴിഞ്ഞാൽ ലീഗിന് സ്വാധീനമുള്ള കോഴിക്കോട് ജില്ല കമ്മിറ്റിയെ വിശ്വാസത്തിലെടുക്കാതെ സ്ഥാനാർഥികളെ നിർണയിച്ചതിൽ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. കോഴിക്കോട് സൗത്ത് നഷ്ടപ്പെടാൻ കാരണം എം.കെ. മുനീർ കൊടുവള്ളിയിലേക്ക് മാറിയതാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫ് വോട്ട് കുറഞ്ഞ കാരണത്താലാണ് മുനീർ സുരക്ഷിത മണ്ഡലം തേടിയത്. മലപ്പുറത്ത് കിട്ടില്ലെന്നായപ്പോൾ കൊടുവള്ളിയിലേക്ക് ചേക്കേറി വിജയം നേടിയെങ്കിലും സൗത്തിൽ ലീഗിെൻറ വനിത പരീക്ഷണം പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.