അൻവറിന്റെ ജനകീയ യാത്രയിൽ ലീഗ്, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല
text_fieldsവയനാട്: കേരള വനനിയമ ഭേദഗതിക്കെതിരെ പി.വി. അൻവർ എം.എൽ.എ നടത്തുന്ന ജനകീയ യാത്രയിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കൾ പങ്കെടുക്കില്ല.
ജനകീയ യാത്രക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകീട്ട് 6.30ന് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യുമെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു. അതുപോലെ ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്‍ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ആണെന്നും അറിയിച്ചിരുന്നു. എന്നാൽ യാത്രയിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്, ലീഗ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. യാത്രയിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി നേതൃത്വം അപ്പച്ചന് നിർദേശം നൽകി.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പര്യടനം. ഞായറാഴ്ച വൈകീട്ട് എടക്കരയിലാണ് സമാപന സമ്മേളനം നടക്കുക.കേരള വനനിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. നിയമം പ്രാബല്യത്തിൽ വന്നാൽ കർഷകരുൾപ്പെടെയുള്ള സാധാരണക്കാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാകും പര്യടനം.
അൻവർ മുസ്‍ലിം ലീഗിലേക്ക് പോവുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ലീഗുമായി അൻവർ അനൗദ്യോഗിക ചർച്ച നടത്തിയതായും യു.ഡി.എഫിലേക്ക് അത് വഴി അൻവർ എത്തുമെന്നുമാണ് പുറത്തുവരുന്ന വിവരം. അതിനിടെയാണ് യാത്രയിൽ പങ്കെടുക്കില്ലെന്ന് മുസ്‍ലിം ലീഗ് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.