ലീഗ് വിവാദം: ഉന്നം സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുസ്ലിം ലീഗിൽ നടക്കുന്ന ഉൾപാർട്ടി പ്രശ്നങ്ങളും വിവാദങ്ങളും ലക്ഷ്യമാക്കുന്നത് പാർട്ടി നേതൃ ശൈലിയിലെ സമഗ്ര മാറ്റം. ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് വിമർശനങ്ങൾ നടക്കുന്നതെങ്കിലും ലക്ഷ്യമാക്കുന്നത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയതുമുതൽ പാർട്ടി കാര്യങ്ങൾ സാദിഖലി തങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സാദിഖലി തങ്ങളുടെ പ്രവർത്തനശൈലിയോട് പലർക്കും വിയോജിപ്പുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം അതു രൂക്ഷമായി. അതിനു കാരണമാകുന്ന പല സമീപനങ്ങളും അദ്ദേഹത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ആരോപണം. പ്രത്യേകിച്ച് സ്ഥാനാർഥി നിർണയത്തിലുണ്ടായ പ്രശ്നങ്ങളാണ് എതിർവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടിയെ 'മൂലക്കിരുത്തുക' എതിർവിഭാഗത്തിെൻറ ലക്ഷ്യമല്ല. നിലവിലെ സാഹചര്യത്തിൽ അതു സാധ്യവുമല്ല. പാർട്ടിയെ മുന്നോട്ടു നയിക്കാനും വിഭവശേഷി കണ്ടെത്താനും അദ്ദേഹത്തോളം പ്രാപ്തനായ നേതാവ് ലീഗിൽ ഇല്ലെന്ന് എതിർവിഭാഗവും സമ്മതിക്കുന്നു. മുന്നണി രാഷ്ട്രീയത്തിൽ ചരടുവലി നടത്താനും മത സംഘടനകളെ ഏകോപിപ്പിക്കാനും അദ്ദേഹത്തോളം തന്ത്രജ്ഞതയും പ്രാഗല്ഭ്യവുമുള്ള നേതാവിെൻറ അഭാവം പാർട്ടിയിലുണ്ട്. പാർട്ടിയിൽ അത്തരം നേതാക്കൾ ഉയർന്നു വരുന്നതിന് കുഞ്ഞാലിക്കുട്ടി വിഘാതം സൃഷ്ടിച്ചു എന്ന് വിമർശിക്കുേമ്പാഴും അദ്ദേഹത്തിെൻറ നേതൃശേഷിയെ തള്ളിപ്പറയാൻ അവർ ഒരുക്കമല്ല. നിരവധി ഗുരുതര ആരോപണങ്ങളും പ്രശ്നങ്ങളും അതിജീവിച്ച കുഞ്ഞാലിക്കുട്ടിയുടെ ചാണക്യതന്ത്രം ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലാണ് പാളിയത്. ലോക്സഭ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുകയും സംസ്ഥാന ഭരണം ലഭിക്കാതിരിക്കുകയും ചെയ്തതോടെ പാർട്ടിക്കെന്നപോലെ കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായും സംഭവിച്ച തിരിച്ചടി ചില്ലറയല്ല. മുഈനലി തങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചപ്പോഴും കർശന നിലപാട് സ്വീകരിക്കാൻ കഴിയാതെ കുഞ്ഞാലിക്കുട്ടിെയ പ്രതിരോധത്തിലാക്കുന്നത് ഈ സാഹചര്യമാണ്.
പാർട്ടിയെ അടക്കിഭരിക്കാനും തെൻറ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കരുതുന്നവരെ ഒതുക്കാനും അദ്ദേഹം സാദിഖലി തങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപം ശക്തമാണ്. സാദിഖലി തങ്ങൾ-കുഞ്ഞാലിക്കുട്ടി അച്ചുതണ്ടാണ് പാർട്ടിയെ നയിക്കുന്നതെങ്കിൽ നിലവിലെ ജീർണതകൾക്ക് പരിഹാരമുണ്ടാകില്ലെന്ന് എതിർപക്ഷം വിശ്വസിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളും വിധം സാദിഖലി തങ്ങൾ മാറണമെന്നാണ് ആവശ്യം. പാണക്കാട് കുടുംബത്തെ പരസ്യമായി വിമർശിക്കാൻ ധൈര്യപ്പെടാത്തതിനാലാണ് ഇതുസംബന്ധിച്ച് ആരും പ്രതികരണത്തിന് മുതിരാത്തത്. പക്ഷേ, ഉൾപാർട്ടി ചർച്ചകളിൽ ഇവ്വിധം സംവാദങ്ങൾ നടക്കുന്നുണ്ട്. മലപ്പുറം ജില്ല പ്രസിഡൻറായ സാദിഖലി തങ്ങൾക്ക് പകരം റഷീദലി തങ്ങൾ ലീഗ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് അഭിപ്രായമുള്ളവരും കൂട്ടത്തിലുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങളെയും ഹൈദരലി തങ്ങളെയും പോലെ സമസ്ത സുന്നി വിഭാഗത്തിന് സാദിഖലി തങ്ങളോട് ആഭിമുഖ്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കെ.ടി. ജലീലിെൻറ അമിത ഇടപെടൽ പരിഷ്കരണ വാദ നിലപാടുകൾക്ക് പാർട്ടിയിൽ ലഭിച്ചുവരുന്ന സ്വീകാര്യതക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതിലെ ആശങ്ക ഇവർക്കുണ്ട്. സി.പി.എമ്മും കെ.ടി. ജലീലുമാണ് വിവാദങ്ങൾക്ക് പിന്നിലെന്ന കുഞ്ഞാലിക്കുട്ടിയുടെയും കെ.പി.എ. മജീദിെൻറയും പി.എം.എ. സലാമിെൻറയും പ്രസ്താവനകൾക്ക് പിന്നിൽ പാർട്ടിക്കകത്തെ യഥാർഥ പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണെന്നും അവർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.