മുന്നണിയുടെ പേരിൽ മുമ്പും ലീഗ് ബലികഴിച്ചത് വിശാല താൽപര്യങ്ങൾ -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: മുണണിയുടെ പേരിൽ മുമ്പും മുസ്ലിം ലീഗ് ബലികഴിച്ചത് പാർട്ടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്‍റെയും വിശാല താൽപര്യങ്ങളാണെന്നും ബാബരി മസ്ജിദ് വിഷയത്തിൽ സ്വീകരിച്ച അതേ അബദ്ധജഢിലമായ നിലപാടാണ് ഫലസ്തീൻ വിഷയത്തിലും ലീഗ് നേതൃത്വം ആവർത്തിക്കുന്നതെന്നും ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കേണ്ടതില്ല എന്ന ലീഗ് നേതൃത്വത്തിന്‍റെ തീരുമാനത്തോടെ ഈ വിഷയത്തിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച കോൺഗ്രസിന്‍റെ തെറ്റായ നയമാണ് ലീഗും മുറുകെപിടിക്കുന്നതെന്ന് വ്യക്തമായി. കോൺഗ്രസിനെ ഇപ്പോഴും ലീഗിന് പേടിയാണ്. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച പി.വി. നരസിംഹറാവുവിന്‍റെ തെറ്റായ നയം ഉയർത്തിപ്പിടിച്ചതോടെ കോൺഗ്രസും ഇസ്രായേൽ പക്ഷത്താണെന്ന തിരിച്ചറിവ് ലീഗിനില്ലാതെ പോയി.
റാലിയിലേക്ക് ക്ഷണിച്ചാൽ പോകുമെന്ന് ഒരു മുഴം മുന്നേ നീട്ടിയെറിഞ്ഞ മുതിർന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ നിലപാടിനെ തള്ളിപ്പറഞ്ഞതോടെ പാർട്ടി തലപ്പത്ത് അരങ്ങേറുന്ന ചക്കളത്തിപ്പോരാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ലീഗിന്‍റെ ഈ കള്ളികളുടെ പൊരുളെന്തെന്ന് ജനവും അണികളും നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.