ലീഗ് നേതാവ് എം.പി. അബ്ദുറഹ്മാനെ ആറു വര്‍ഷത്തേക്ക് അയോഗ്യനാക്കി
text_fieldsഇരിട്ടി: മുസ്ലിം ലീഗ് നേതാവ് എം.പി. അബ്ദുറഹ്മാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിട്ടി നഗരസഭയിലെ കല്ലേരിക്കല്‍ വാര്‍ഡില്‍നിന്ന് ലീഗ് അംഗമായാണ് എം.പി. അബ്ദുറഹ്മാന് മത്സരിച്ചു വിജയിച്ചത്. തുടര്‍ന്ന് നടന്ന നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്നതിനെ തുടര്‍ന്നാണ് നടപടി. അബ്ദുറഹ്മാനൊപ്പം ഉളിയില്‍ മേഖലയിലെ മറ്റു രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നുവെങ്കിലും പാര്‍ട്ടി നേതൃത്വത്തോട് നിരുപാധികം ക്ഷമാപണം പറഞ്ഞ് പാര്‍ട്ടി നടപടിയില്‍നിന്ന് ഒഴിവായിരുന്നു. പാര്‍ട്ടി നഗരസഭ ലീഡര്‍ സി. മുഹമ്മദലിയാണ് വിപ്പ് ലംഘിച്ച എം.പി. അബ്ദുറഹ്മാനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി നല്‍കിയത്.
നേരത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഇദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നുവെങ്കിലും ഹൈകോടതിയില്‍നിന്ന് സ്‌റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഇപ്പോള്‍ വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കമീഷന്‍ അന്തിമ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2017 മുതല്‍ 2023 വരെയാണ് മത്സരിക്കുന്നതിൽ അയോഗ്യതയെന്നാണ് ഉത്തരവില്‍ പറയുന്നത്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള ലീഗിലെ പടലപ്പിണക്കങ്ങളാണ് വിപ്പ് ലംഘിക്കുന്ന സാഹചര്യത്തിലേക്കും അബ്ദുറഹ്മാനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിലും എത്തിച്ചത്.
അബ്ദുറഹ്മാന് ലീഗ് ജില്ല, സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തുവെങ്കിലും നഗരസഭ പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ സി. മുഹമ്മദലി തെരഞ്ഞെടുപ്പ് കമീഷനു നല്‍കിയ പരാതി പിന്‍വലിച്ചിരുന്നില്ല.
പരാതി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടും ലീഗില്‍ ഇരുവിഭാഗങ്ങൾ തമ്മില്‍ പരസ്പരം കൊമ്പുകോര്‍ക്കലുകള്‍ നടക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇപ്പോള്‍ അയോഗ്യത ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.