സി.ഐ.സി പ്രശ്നം പരിഹരിക്കാൻ ലീഗ്-സമസ്ത ചർച്ച
text_fieldsകോഴിക്കോട്: സമസ്ത, സി.ഐ.സി (കോഓഡിനേഷൻ ഓഫ് ഇസ് ലാമിക് കോളജസ്) പ്രശ്നം പരിഹരിക്കാൻ മുസ്ലിം ലീഗ് നേതാക്കളും സമസ്ത നേതൃത്വവും ചർച്ച നടത്തി. ഇരുവിഭാഗവും തമ്മിലെ പ്രശ്നങ്ങൾ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച സാഹചര്യത്തിലാണ് നിർണായക ചർച്ച. ലീഗിന്റെ ഭാഗത്തുനിന്ന് പാണക്കാട് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.സി. മായിൻ ഹാജി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരും സമസ്തയിൽനിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
പ്രശ്നം പരിഹരിക്കാൻ സമസ്തയുടെ ഭാഗത്തുനിന്നുള്ള നിർദേശങ്ങൾ സി.ഐ.സി പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങളുടെ മുന്നിൽ സമസ്ത നേതാക്കൾ അവതരിപ്പിച്ചു. അടുത്താഴ്ച വിഷയം ചർച്ചചെയ്യാൻ സി.ഐ.സിയുടെ സെനറ്റ് യോഗവും സമസ്ത മുശാവറയും വിളിക്കാൻ ധാരണയായി.
ഹക്കീം ഫൈസി ആദൃശ്ശേരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും സമസ്തയുടെ നിർദേശങ്ങൾ സി.ഐ.സി പൂർണമായി അംഗീകരിക്കാത്തതിനാൽ വാഫി, വഫിയ കോഴ്സുകൾക്ക് ബദലായി എസ്.എൻ.ഇ.സി എന്ന പുതിയ കോഴ്സിന് രൂപം നൽകി സമസ്ത മുന്നോട്ട് പോവുകയാണ്. ഇതിനിടയിൽ തങ്ങൾക്ക് സ്വാധീനമുള്ള സ്ഥാപനങ്ങളെ വാഫി, വഫിയ കോഴ്സുകൾ നടത്തുന്നതിൽനിന്ന് പിന്തിരിപ്പിക്കാനും ശ്രമങ്ങളുണ്ടായി. ഇത് അസ്വാരസ്യങ്ങൾക്കും സംഘർഷത്തിനും കാരണമായിരുന്നു. ഇതേതുടർന്നാണ് ലീഗ് മുൻകൈയെടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.