മുഖം മിനുക്കാൻ ലീഗ്; തലമുറ മാറ്റം വന്നേക്കും
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള മുസ്ലിം ലീഗ് ഭാരവാഹി യോഗം ചൊവ്വാഴ്ചയും സംസ്ഥാന പ്രവർത്തകസമിതി ഏഴ്, എട്ട് തീയതികളിൽ മഞ്ചേരി യൂനിറ്റി കോളജിലും നടക്കാനിരിക്കെ പാർട്ടിയിൽ തിരക്കിട്ട ചർച്ചകൾ. കലഹങ്ങൾ ഒഴിവാക്കി സമൂല പരിഷ്കരണങ്ങളിലൂടെ തലമുറ മാറ്റത്തിന് വഴിയൊരുക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിൽ മത്സരിച്ചതും കെ.പി.എ. മജീദ് തിരൂരങ്ങാടി സീറ്റ് പിടിച്ചുവാങ്ങിയതും എം.പി. അബ്ദുസ്സമദ് സമദാനിക്കും പി.വി. അബ്ദുൽ വഹാബിനും വീണ്ടും പാർലമെൻറിലേക്കും രാജ്യസഭയിലേക്കും സീറ്റ് നൽകിയതും വിവിധ ജില്ലകളിൽ സംഘടന അടിത്തറ തകർന്നതും ഉൾപ്പെടെ ശക്തമായ വിമർശനങ്ങൾക്കാണ് നേതൃത്വം പ്രവർത്തക സമിതിയിൽ മറുപടി പറയേണ്ടിവരിക.
പാർട്ടിയിൽ പുതിയ അധികാരകേന്ദ്രം രൂപപ്പെടുന്നതു സംബന്ധിച്ച് ജില്ല, പഞ്ചായത്ത് തലങ്ങളിൽ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുണ്ട്്. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്ത് നിലവിൽ മലപ്പുറം ജില്ല പ്രസിഡൻറായ പാണക്കാട് സാദിഖലി തങ്ങൾ പാർട്ടിയിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്ന വിഷയത്തിലും എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പിലും യൂത്ത്ലീഗ് പ്രവർത്തക സമിതിയിലും സാദിഖലി തങ്ങൾ നടത്തിയ ഇടപെടൽ പാർട്ടിക്കുള്ളിൽ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടാക്കിയത്.
സാദിഖലി തങ്ങൾ അമിതാധികാരം പ്രയോഗിക്കുകയാണെന്നും ഇത് ഇക്കാലമത്രയും പാർട്ടി അധ്യക്ഷ പദവി വഹിച്ചിരുന്ന പാണക്കാട് തങ്ങൾ കുടുംബത്തിെൻറ ശൈലിയിൽനിന്ന് വ്യതിചലിച്ചതാണെന്നാണ് ഒരു വിഭാഗത്തിെൻറ വാദം. അതേസമയം, സാദിഖലി തങ്ങളുടേത് ക്രിയാത്മക ഇടപെടലാണെന്നും ഇത് പാർട്ടിക്ക് ഐക്യത്തോടെ മുന്നോട്ടു പോകാൻ ഊർജം പകരുമെന്നും മറുഭാഗം വാദിക്കുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങൾ കെട്ടടക്കാനുള്ള തിരുത്തൽ നടപടികൾ രണ്ട് ദിവസം നീളുന്ന പ്രവർത്തക സമിതിയിൽ രൂപപ്പെടുത്താനാണ് നേതൃത്വത്തിെൻറ ശ്രമം. സാദിഖലി തങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിയും യൂത്ത്ലീഗ് പ്രായപരിധി കഴിഞ്ഞ് സ്ഥാനമൊഴിയുന്ന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗിെൻറ മറ്റൊരു നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നും മുഖം മിനുക്കാനുമാണ് ആലോചന.
യൂത്ത്ലീഗ് പദവിയിലിരുന്ന് തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ച മുനവ്വറലി തങ്ങളെ ലീഗ് മലപ്പുറം ജില്ല പ്രസിഡൻറാക്കണമെന്ന ആവശ്യം ഒരുവിഭാഗം ഉയർത്തുന്നുണ്ട്. പക്ഷേ, ഭാരവാഹിത്വത്തിലെ അഴിച്ചുപണികളെല്ലാം മെമ്പർഷിപ് കാമ്പയിൻ കഴിഞ്ഞ ശേഷം നടക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.