ജിഫ്രി തങ്ങളെ വിമര്‍ശിച്ചിട്ടില്ല; ജയിലില്‍ പോകാന്‍ തയ്യാര്‍ -പി.എം.എ സലാം
text_fieldsമുസ്‍ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ വിമർശിച്ചു എന്ന ആരോപണത്തിനെതിരെ ലീഗ് രംഗത്ത്. ജിഫ്രി തങ്ങളെ വിമർശിച്ചതായുള്ള ആരോപണം തള്ളി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഞങ്ങളിലൊരാളാണ്. അദ്ദേഹത്തെ എങ്ങനെ വിമർശിക്കാൻ കഴിയും. ഭിന്നിപ്പിക്കാനും മുതലെടുക്കാനും ചിലർ ശ്രമിക്കുകയാണ്. അവരാണ് ജിഫ്രി തങ്ങൾക്കെതിരെ വിമർശനമുന്നയിക്കുന്നതെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ കേസെടുത്താല്‍ അവരെല്ലാം ജയിലില്‍ പോകാന്‍ തയ്യാറാണ്. മുഖ്യമന്ത്രി സമസ്ത പണ്ഡിതരോട് കള്ളം പറഞ്ഞു. നിയമനം പി.എസ്.സിക്ക് വിട്ടത് വഖഫ് ബോർഡ് ആവശ്യപ്പെട്ടാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ടി.കെ ഹംസ അധ്യക്ഷൻ ആയ ബോർഡാണ് ഇത്തരത്തിൽ കത്തയച്ചത്. മുഖ്യമന്ത്രി നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആണിത്. വഖഫ് വിഷയത്തിൽ കോഴിക്കോട് നടന്നത് സമര പ്രഖ്യാപനമാണ്. തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധം ഉണ്ടാകും. തുടർ നടപടികൾ ഉടൻ തീരുമാനിക്കും. ആരുടെ വാശിക്കാണ് സർക്കാർ തീരുമാനം പിൻവലിക്കാത്തതെന്നും പി.എം.എ സലാം ചോദിച്ചു.
തീരുമാനം പിൻവലിക്കാൻ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടെങ്കിൽ അത് ചെയ്താൽ മതി. മുസ്‍ലിം വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഉപദേശകരെ മാറ്റണം. വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും വഖഫ് സമ്മേളനത്തിൽ പിന്തുണ അറിയിക്കാനെത്തിയതായും അദ്ദേഹം പറഞ്ഞു.
മുസ്‍ലിം ലീഗിന്‍റെ ശക്തി കണ്ട് വിറളി പിടിച്ചിട്ട് കാര്യമില്ല. വഖഫ് സമരത്തോട് പ്രതികരിച്ച മുഖ്യമന്ത്രി കുറച്ചു പക്വത കാണിക്കണമായിരുന്നു. അതുണ്ടായില്ല. കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലിൽ പോകാൻ തയ്യാറാണ്.
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഡി.വൈ.എഫ്.ഐ പരിപാടി നടന്നു. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം നടന്നു. കേസെടുത്തിട്ടില്ല. തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച് സംഘപരിവാർ പ്രകടനം നടന്നു. പൊലീസ് കെസെടുത്തില്ലെന്നും പി.എം.എ സലാം പറഞ്ഞു. ലീഗിന്‍റെ പരിപാടി നടന്ന സമയത്തു തന്നെ നടന്ന സി.പി.എം ബി.ജെ.പി പരിപാടികളിലെ ആൾക്കൂട്ടങ്ങളുടെ ചിത്രം അടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സി.പി.എം-ബി.ജെ.പി പരിപാടികളിൽ പടരാത്ത എന്ത് കോവിഡ് ആണ് ലീഗ് പരത്തുന്നത് എന്നാണ് ലീഗ് അണികൾ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.