ചാർജിങ് പോയന്റുകൾ വഴി സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു
text_fieldsതിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ സൗജന്യ ചാർജിങ് പോയന്റുകളിലൂടെ ഹാക്കർമാർ സ്വകാര്യ ഡേറ്റ വിവരങ്ങൾ ചോർത്തുന്നതായി (ജ്യൂസ്-ജാക്കിങ്) കേരള പൊലീസ്. ഇതുസംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിങ് പോയന്റുകളിലേക്കാണ് ഹാക്കർമാർ നുഴഞ്ഞുകയറുന്നത്. ചാർജിങ്ങിനായുള്ള യു.എസ്.ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡേറ്റ കേബിളുമാണ് വിവരങ്ങൾ ചോർത്തുന്നതിന് ഇവർ ഉപയോഗിക്കുന്നത്.
ഇവർ സെറ്റ് ചെയ്തിട്ടുള്ള യു.എസ്.ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡേറ്റ കേബിളും ചാർജിങ്ങിനായി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ മൊബൈൽ ഫോൺ, ടാബ് എന്നിവയിൽ സേവ് ചെയ്തിരിക്കുന്ന ബാങ്കിങ്ങിനായി ഉപയോഗിക്കുന്ന പാസ്വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡേറ്റകൾ, ഫോട്ടോകൾ എന്നിവ ഹാക്കർമാർ സ്വന്തമാക്കും. പാസ്വേഡുകൾ മനസ്സിലാക്കിയശേഷം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുകയും പാസ്വേഡുകൾ റീസെറ്റ് ചെയ്ത് ഉപകരണത്തിൽ നിന്ന് യഥാർഥ ഉടമയെ ലോഗ് ഔട്ട് ചെയ്യിച്ച ശേഷം സ്വകാര്യ ഡേറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പ്രവർത്തന രീതി. ജ്യൂസ്-ജാക്കിങ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയാറില്ലെന്നും പൊലീസ് പറയുന്നു.
ജ്യൂസ്-ജാക്കിങ് എങ്ങനെ തടയാം?
- പൊതു ചാർജിങ് പോയന്റുകളിൽ നിന്ന് ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ, ടാബ് മുതലായവ സ്വിച്ച് ഓഫ് ചെയ്യുക
- ഫോൺ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ് വേഡ് തുടങ്ങിയ സുരക്ഷ മാർഗങ്ങൾ ഉപയോഗിക്കരുത്.
- പൊതു യു.എസ്.ബി ചാർജിങ് യൂനിറ്റുകൾക്ക് പകരം എ.സി പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക.
- യാത്രകളിൽ കഴിവതും സ്വന്തം പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുക.
- കേബിൾ വഴി ഹാക്കിങ് നടക്കുന്നില്ല എന്നുറപ്പാക്കാൻ യു.എസ്.ബി ഡേറ്റ ബ്ലോക്കർ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.