വോട്ടുചോർച്ച; സി.പി.എം കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത
text_fieldsമഞ്ചേരി: നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി നിര്‍ദേശം പാലിക്കാതെ യു.ഡി.എഫിന് വോട്ടുചെയ്ത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സി.പി.എം. മഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാരായ തടത്തിക്കുഴി ബ്രാഞ്ച് കമ്മിറ്റി അംഗം മൂസാന്‍കുട്ടി, സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം പി. സുനിത, താമരശ്ശേരി ബ്രാഞ്ച് സെക്രട്ടറി ആറുവീട്ടില്‍ സുലൈമാന്‍ എന്നിവരോട് പാര്‍ട്ടി വിശദീകരണം തേടി.
ജൂലൈ 30ന് നടന്ന നഗരസഭ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മൂസാന്‍കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. ഫിറോസിന് വോട്ടുചെയ്തിരുന്നു. പി. സുനിതയുടെ വോട്ട് അസാധുവായി. 50 കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ യു.ഡി.എഫിന് 28 കൗണ്‍സിലര്‍മാരാണുള്ളത്. എന്നാൽ, തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 31 വോട്ട് ലഭിച്ചു. സ്വതന്ത്ര കൗൺസിലറും ഇടതുസ്വതന്ത്രയും സി.പി.എം കൗൺസിലറും യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്തു. 20 കൗണ്‍സിലര്‍മാരുള്ള എല്‍.ഡി.എഫിന് 16 വോട്ട് മാത്രമാണ് നേടാനായത്.
ഇത് സി.പി.എമ്മിന് നാണക്കേടുണ്ടാക്കി. സി.പി.എമ്മിന്‍റെ രണ്ട് കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പിന് ഹാജരായിരുന്നില്ല. കുടുംബത്തിലെ മരണത്തെത്തുടര്‍ന്നാണ് പങ്കെടുക്കാതിരുന്നതെന്ന ഇവരുടെ മറുപടി പാര്‍ട്ടി അംഗീകരിച്ചു.യു.ഡി.എഫിന് വോട്ടുചെയ്തതും വോട്ട് അസാധുവാക്കിയതും പാര്‍ട്ടി ഗൗരവമായാണ് കണ്ടത്. സുനിതയും മൂസാന്‍കുട്ടിയും ഉൾപ്പെടുന്ന മഞ്ചേരി സൗത്ത് ലോക്കല്‍ കമ്മിറ്റിയിലും തടത്തിക്കുഴി ബ്രാഞ്ച് കമ്മിറ്റിയിലും ഇവരുടെ നടപടി ചര്‍ച്ചയായി.
യോഗത്തില്‍ കൗണ്‍സിലര്‍മാരോട് വിശദീകരണം തേടണോ നടപടിയെടുക്കണോയെന്ന കാര്യത്തില്‍ കമ്മിറ്റി അംഗങ്ങളോട് അഭിപ്രായം തേടി. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. തുടർന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ വിശദീകരണം തേടിയത്.2005ലെ നഗരസഭ വൈസ്‌ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് കൗണ്‍സിലറുടെ വോട്ട് അസാധുവായിരുന്നു.
അന്ന് ഏരിയ കമ്മിറ്റി അംഗമായിരുന്ന കൗണ്‍സിലറെ പാര്‍ട്ടി താക്കീത് ചെയ്തു. ഈ നിലപാട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ കൗണ്‍സിലര്‍മാര്‍ക്കെതിരെയും സ്വീകരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കൗണ്‍സിലറോടും പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്. നഗരസഭ ഉപാധ്യക്ഷയായിരുന്ന അഡ്വ. ബീന ജോസഫ് കോണ്‍ഗ്രസിലെ ധാരണപ്രകാരം ഒന്നരവര്‍ഷത്തിന് ശേഷം രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.