തൃക്കരിപ്പൂരിൽ പാർട്ടി കേന്ദ്രങ്ങളിൽ ഇടതുമുന്നണിക്ക് വോട്ടു ചോർച്ച
text_fieldsതൃക്കരിപ്പൂർ: ഇടതുമുന്നണി തൃക്കരിപ്പൂർ മണ്ഡലത്തിന്റെ ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിട്ടത് പാർട്ടി കേന്ദ്രങ്ങളിൽ വോട്ടർമാർ തിരിഞ്ഞുകുത്തിയത് കൊണ്ടാണെന്ന് വിവരം. അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി തിരിച്ചടി നേരിട്ട സമയത്തു പോലും ഇടതിനൊപ്പം പാറപോലെ ഉറച്ചുനിന്ന മണ്ഡലത്തിലാണ് ഇക്കുറി യു.ഡി.എഫിന് 10448 വോട്ടിന്റെ മേൽക്കൈ ലഭിച്ചത്.
യു.ഡി.എഫ് തരംഗമുണ്ടായ 2019 -ലെ തെരഞ്ഞെടുപ്പിലും 4000 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് ഇവിടെ നേടിയിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് 26131 ആയി ഉയർന്നു. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 1899 ആയി കുറഞ്ഞു.
ഇ.കെ. നായനാർ മത്സരിച്ചപ്പോൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച എം.വി. ബാലകൃഷ്ണൻ മത്സരിച്ചപ്പോഴാണ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുന്നത്.
സ്ഥാനാർഥിയുടെ ബൂത്തായ മുഴക്കോത്ത് ഗവ. യു.പി. സ്കൂളിലെ 35 -ാം ബൂത്തിൽ പോൾ ചെയ്ത 1063 വോട്ടിൽ 974 വോട്ടുകളാണ് പാർട്ടി ഉറപ്പിച്ചിരുന്നത്. ഫലം വന്നപ്പോൾ ഇത് 816 ആയി കുറഞ്ഞു. ഈ ബൂത്തിൽ മാത്രം 158 വോട്ടാണ് മറിച്ചുകുത്തിയത്.
വളരെ കുറഞ്ഞ വോട്ടുള്ള എൻ.ഡി.എ ക്ക് 71 ഉം യു.ഡി.എഫിന് 149 ഉം വോട്ടുകൾ ലഭിച്ചു. കയ്യൂർ -ചീമേനി പഞ്ചായത്തിലെ ക്ലായിക്കോട് മുഴക്കോം ഭാഗങ്ങളിൽ 34 മുതൽ 42 വരെയുള്ള ബൂത്തുകളിൽ ഇതേ പ്രവണതയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനുപുറമെ 90 ശതമാനത്തിന് മുകളിൽ പോളിങ് നടന്ന ചെറുവത്തൂർ പഞ്ചായത്തിലും നീലേശ്വരം നഗരസഭയിലെ പാലായി, ചാത്തമത്ത് എന്നിവിടങ്ങളിലും വോട്ട് ചോർച്ചയുണ്ടായതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
പാർട്ടി ശക്തികേന്ദ്രങ്ങളിൽ 150 മുതൽ 200 വോട്ടിന്റെ വരെ കുറവുണ്ടായിട്ടുണ്ട്. യു.ഡി.എഫിന് 70 ൽ താഴെ വോട്ടുകൾ ലഭിച്ചിരുന്ന ഈ ബൂത്തുകളിൽ 150 മുതൽ 250 വരെ വോട്ടുകൾ അവർ നേടി. എൻ.ഡി.എ സാന്നിധ്യം നാമമാത്രമായ ബൂത്തുകളിൽ അവരും 50 മുതൽ 120 വോട്ടുകൾ വരെ നേടി നില മെച്ചപ്പെടുത്തി.
സ്ഥാനാർഥി നിർണയം മുതൽ ആരംഭിച്ച പ്രശ്നങ്ങൾ വോട്ടെടുപ്പിലും നിഴലിച്ചു എന്നാണ് വിശകലനം. നീലേശ്വരം നഗരസഭയിലെ ഒമ്പതും തൃക്കരിപ്പൂരിലെ രണ്ടും ഉൾപ്പെടെ പതിനൊന്ന് ബൂത്തുകളിലാണ് എൻ.ഡി.എ വോട്ട് 200 പിന്നിട്ടത്. പടന്ന, വലിയപറമ്പ പഞ്ചായത്തുകളിലെ ഏഴ് ബൂത്തിൽ അവരുടെ വോട്ട് രണ്ടക്കം തികഞ്ഞില്ല.
നോട്ടക്ക് കൂടുതൽ വോട്ട് കിട്ടിയത് (21) മുഴക്കോത്തെ ഗവ.യു.പി. സ്കൂളിലെ 35 ാം ബൂത്തിൽ നിന്നാണ്. പിലിക്കോട് ഗവ.യു.പി. സ്കൂളിലെ 111ാം ബൂത്ത് 20 വോട്ടുമായി തൊട്ടുപിന്നിലുണ്ട്. ഇവയുൾപ്പടെ 41 ബൂത്തുകളിൽ നോട്ട സാന്നിധ്യം രണ്ടക്കം കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.