തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊള്ളണം; ഭരണത്തിൽ തിരുത്തൽ വേണം -സി.പി.എം
text_fieldsകോഴിക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിങ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് ഷെയർ വലിയ തോതിലാണ് കുറഞ്ഞത്. മുൻകാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരമ്പരാഗത വോട്ടിലടക്കം വലിയ ചോർച്ചയാണുള്ളത്. തുടർ ഭരണമുണ്ടായിട്ടും കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു മാത്രമല്ല, നില മെച്ചപ്പെടുത്താനും കഴിഞ്ഞില്ല.
ഭരണവിരുദ്ധ വികാരം മാറ്റിയെടുക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കണം. ഭരണത്തിൽ അതിനാവശ്യമായ തിരുത്തലുകൾ കൊണ്ടുവരണം -മേഖല അവലോകനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ വിശദീകരിച്ചു. സാധാരണക്കാർക്കുള്ള ക്ഷേമ ആനുകൂല്യങ്ങളടക്കം സമയബന്ധിതമായി അനുവദിക്കുന്നതിൽ വീഴ്ചയുണ്ടായതോടെ ജനങ്ങളും സർക്കാറും തമ്മിൽ വലിയ അകൽച്ചയാണുണ്ടായത്. ഇത് മുൻനിർത്തിയായിരുന്നു പ്രതിപക്ഷ പ്രചാരണം.
കർഷക തൊഴിലാളികൾ, ചെറുകിട കർഷകർ, സ്കീം തൊഴിലാളികൾ തുടങ്ങിയവരിലെ വലിയൊരു വിഭാഗം പാർട്ടിയിൽനിന്ന് അകന്നു -റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ ഇൻഡ്യ മുന്നണിയിലെ പ്രബല കക്ഷി എന്ന നിലക്ക് കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്നെന്ന് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളും മുന്നണികളുടെ ഭാഗമല്ലാത്ത ചെറുകക്ഷികളും യു.ഡി.എഫിനൊപ്പം നിന്നു. കളങ്കിതരായ ആളുകൾക്ക് പാർട്ടിയിൽ സ്വാധീനമുണ്ടാകുന്നതിന് ഒരു തരത്തിലും അവസരമൊരുക്കരുത്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ ജില്ല കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ എന്നിവർക്കായി കോഴിക്കോട്ടെ കാലിക്കറ്റ് ട്രേഡ് സെന്ററിലായിരുന്നു മേഖല റിപ്പോർട്ടിങ്.
തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി -യെച്ചൂരി
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടി ശക്തികേന്ദ്രങ്ങളിലടക്കം വലിയ വോട്ടുചോർച്ചയുണ്ടായത് ഗൗരവമുള്ള വിഷയമാണെന്നും തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തിയെന്നും ആവശ്യമായ തിരുത്തലുകൾ ഉടനുണ്ടാകുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
മേഖല റിപ്പോർട്ടിങ്ങിനെത്തിയ അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച് ബി.ജെ.പി വോട്ട് വിഹിതം വർധിപ്പിച്ചതിനെയും പാർട്ടി ഗൗരവമായാണ് കാണുന്നത്. ഇതിൽ പ്രത്യേക പരിശോധന നടത്തും. കേന്ദ്ര സർക്കാർ കേരളത്തെ എല്ലാ നിലക്കും സാമ്പത്തികമായി ഞെരുക്കി. ഇത് സംസ്ഥാന സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുകയും ജനങ്ങളിൽ അസംതൃപ്തിയുണ്ടാക്കുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.