വ്യവസ്ഥകൾ ലംഘിച്ച് പാട്ടഭൂമി; സർക്കാറിന് കിട്ടാനുള്ളത് 852.24 കോടി
text_fieldsകൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നിൽക്കുമ്പോഴും പാട്ടക്കുടിശ്ശിക പിരിച്ചെടുക്കാതെ സർക്കാർ. വ്യവസ്ഥകൾ ലംഘിച്ച് സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും 852.24 കോടിയാണ് പാട്ടക്കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. ക്ഷേമപദ്ധതികൾക്ക് തടസ്സമായി സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പറയുന്ന സർക്കാർ ഈ തുക സമയബന്ധിതമായി പിരിച്ചെടുക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല.
പാട്ടവ്യവസ്ഥ ലംഘിച്ച് വ്യക്തികളും സ്ഥാപനങ്ങളും സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്ന 586 കേസാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. അനൗദ്യോഗിക കണക്ക് ഇതിലും കൂടുമെന്നാണ് സൂചന. പലരും വർഷങ്ങളായി സർക്കാരിലേക്ക് പാട്ടത്തുക നൽകിയിട്ടില്ല. ഇതാണ് കുടിശ്ശിക 852.24 കോടിയായി ഉയരാൻ കാരണം. ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ ഇടുക്കി ജില്ലയിലാണ് -256 എണ്ണം. പാലക്കാട്, വയനാട് ജില്ലകളിൽ ഒരു കേസ് വീതവും പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ രണ്ട് കേസ് വീതവുമാണുള്ളത്. തിരുവനന്തപുരം -157, കൊല്ലം -16, ആലപ്പുഴ -152, കോട്ടയം -ആറ്, എറണാകുളം -60, തൃശൂർ -15, കോഴിക്കോട് -10, മലപ്പുറം, കാസർകോട് ജില്ലകൾ നാലുവീതം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കേസുകളുടെ കണക്ക്.
പാട്ടക്കുടിശ്ശിക ഈടാക്കാൻ റവന്യൂ റിക്കവറി നിയമപ്രകാരവും ഭൂസംരക്ഷണ നിയമപ്രകാരവും നടപടി സ്വീകരിച്ചുവരുന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് കുടിശ്ശിക 1000 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. കുടിശ്ശിക ഈടാക്കുന്നതിന് കോടതിയുടെ സ്റ്റേ ഉള്ള കേസുകളിൽ അനുകൂല അന്തിമ ഉത്തരവ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പാട്ടത്തുക പിരിച്ചെടുക്കുമെന്നാണ് റവന്യൂ വകുപ്പ് അധികൃതർ പറയുന്നത്. കുടിശ്ശിക ഈടാക്കിയശേഷം നിലവിലെ പാട്ടം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും അവർ വിശദീകരിക്കുന്നു.
കുടിശ്ശികയിൽ മുന്നിൽ എറണാകുളം
റവന്യൂ വകുപ്പിന്റെ കൈവശമുള്ള കണക്കുപ്രകാരം പാട്ടക്കുടിശ്ശിക ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്- 280 കോടി. കുറവ് കണ്ണൂരിലാണ് -2.31 ലക്ഷം. തിരുവനന്തപുരം -104.70 കോടി, കൊല്ലം -33 കോടി, ആലപ്പുഴ -2.74 കോടി, കോട്ടയം -14.45 കോടി, ഇടുക്കി -5.54 ലക്ഷം, തൃശൂർ -201.33 കോടി, പാലക്കാട് -98.56 ലക്ഷം, മലപ്പുറം -78.86 ലക്ഷം, കോഴിക്കോട് -19.14 കോടി, വയനാട് -4.75 ലക്ഷം, കണ്ണൂർ -2.31 ലക്ഷം, കാസർകോട് -6.86 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.