തടവുകാരുടെ അവധി: പരോൾ അപേക്ഷകളിൽ മൂന്നാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തടവുകാർ അടിയന്തര അവധിയോ പരോളോ ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ ജയിൽ അധികൃതർ മൂന്നാഴ്ചക്കകം തീരുമാനമെടുക്കണമെന്നും തീരുമാനം ഒരാഴ്ചക്കകം ബന്ധുക്കളെ അറിയിക്കണമെന്നും ഹൈകോടതി. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ജയിൽ അധികൃതർ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടാൽ ഒരാഴ്‌ചക്കകം നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഉത്തരവിട്ടു. ഇക്കാര്യത്തിൽ ജയിൽ അധികൃതർക്ക് ഡി.ജി.പി നിർദേശം നൽകണം. വിധിപ്പകർപ്പ് സംസ്ഥാന പൊലീസ് മേധാവി, ജയിൽ ഡി.ജി.പി എന്നിവർക്ക് കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ച തടവുകാരന് ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ താൽക്കാലിക പരോൾ അനുവദിക്കണമെന്ന ഹരജിയിലാണ് സിംഗിൾ ബെഞ്ച് നിർദേശം. വിയ്യൂർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇരുമ്പൻ മനോജ് എന്ന മനോജിന്‍റെ ഭാര്യ രമയാണ് ഭർത്താവിന് പരോൾ നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. നേരത്തേ ജയിൽ അധികൃതരെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചിരുന്നു. എന്നാൽ, മനോജിന് പരോൾ അനുവദിക്കുന്നത് അയാളുടെ ജീവന് ഭീഷണിയാണെന്നും വീടുനിർമാണം നടക്കുന്നില്ലെന്നുമാണ് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകിയതെന്ന് സർക്കാർ അറിയിച്ചു. കൊടുങ്ങല്ലൂർ എടവിലങ്ങ് വില്ലേജിലാണ് വീട് അനുവദിച്ചിട്ടുള്ളത്.
ഇത്തരമൊരു റിപ്പോർട്ട് വിചിത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തടവുകാരും മനുഷ്യരാണെന്നും അവർക്ക് കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ ആശങ്കയുണ്ടെന്നും പറഞ്ഞ കോടതി, പരോളിലിറങ്ങുന്ന തടവുകാരന്‍റെ ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ തൃശൂർ ജില്ല റൂറൽ പൊലീസ് മേധാവിക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്നും കുറ്റപ്പെടുത്തി. തുടർന്ന് ഇയാൾക്ക് പരോൾ അനുവദിക്കാനും നിർദേശിച്ചു. മികച്ച ഭക്ഷണവും താമസവും സുരക്ഷയുമൊക്കെയുണ്ടെങ്കിലും തടവുകാരൻ എന്നും തടവുകാരനാണെന്നും അവരുടെ പ്രയാസങ്ങൾ അവർക്കേ മനസ്സിലാകൂവെന്നും പറഞ്ഞ കോടതി, വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മതിലുകൾ’ എന്ന കൃതിയിൽനിന്നൊരു ഭാഗം വിധിന്യായത്തിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.