ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം: പെരുമാറ്റച്ചട്ടലംഘന ആരോപണം തള്ളി രജിസ്ട്രാറുടെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചതിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് രജിസ്ട്രാർ റിപ്പോർട്ട് നൽകി. സർവകലാശാലയുടെ ഔദ്യോഗിക അംഗീകാരത്തോടെയല്ല പരിപാടി സംഘടിപ്പിച്ചത്.
വൈസ്ചാൻസലറുടെ നിർദേശ പ്രകാരം രാഷ്ട്രീയ സ്വഭാവത്തിലുള്ള പരിപാടി നടത്തരുതെന്ന് നിർദേശിച്ചിരുന്നുവെന്ന് രജിസ്ട്രാർ പ്രഫ. അനിൽ കുമാർ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേരളസർവകലാശാല എംപ്ലോയീസ് യൂനിയന്‍റെ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമാണ് ചടങ്ങെന്നാണ് സംഘാടകരുടെ വിശദീകരണം.
രാഷ്ട്രീയ നേതാവായല്ല, മാധ്യമ പ്രവർത്തകനും പാർലമെന്‍റേറിയനും എന്ന നിലയിലാണ് ബ്രിട്ടാസിനെ പരിപാടിയിൽ പങ്കെടുപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടാണ് ‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്ന വിഷയം തെരഞ്ഞെടുത്തത്. അതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വി.സിയെ വിമർശിച്ചത് റിപ്പോർട്ടിലുണ്ട്.
ബുധനാഴ്ച സംഘടിപ്പിച്ച പരിപാടി വിലക്കണമെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു. രജിസ്ട്രാർ ഇതുസംബന്ധിച്ച് സംഘാടകർക്ക് നിർദേശവും നൽകി. എന്നാൽ, വി.സിയുടെ വിലക്ക് തള്ളി പ്രഭാഷണം നടത്തിയിരുന്നു. പിന്നാലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് സമിതി നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ രജിസ്ട്രാറോട് റിപ്പോർട്ട് തേടി. വ്യാഴാഴ്ച വൈകീട്ടോടെയാണ് രജിസ്ട്രാർ മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.