നഗരത്തിലെ എൽ.ഇ.ഡി ലൈറ്റുകളിൽ അഴിമതി കത്തുന്നു
text_fieldsതിരുവനന്തപുരം: നഗരത്തിലെ തെരുവുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിൽ വൻ അഴിമതി. ചട്ടങ്ങളും ഇ- ടെൻഡറും കാറ്റിൽപറത്തി കോടിയേരി ബാലകൃഷ്ണെൻറ ഭാര്യാ സഹോദരൻ വിനയകുമാർ ജനറൽ മാനേജരായിട്ടുള്ള യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (മീറ്റർ കമ്പനി) എന്ന സ്ഥാപനത്തിന് രണ്ടരക്കോടിയുടെ കരാർ നഗരസഭ ഭരണസമിതി നൽകി.
അഞ്ച് ലക്ഷത്തിന് മുകളിലുള്ള എല്ലാ പ്രവൃത്തികൾക്കും ഇ-ടെൻഡർ വിളിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് 'അടിയന്തര സാഹചര്യ'മെന്ന പേരിൽ ടെൻഡറിൽ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയ കൊല്ലത്തെ മീറ്റർ കമ്പനിക്ക് നഗരസഭ ഭരണസമിതി അനുമതി നൽകിയത്.
പല വാർഡിലും സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് ആരോപിച്ച് ഭരണപ്രതിപക്ഷ അംഗങ്ങൾ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ ജനുവരി 30ന് ചേർന്ന കൗൺസിലിൽ അജണ്ട 3ാം നമ്പർ പ്രകാരം കൗൺസിലർമാരോട് ഇതുസംബന്ധിച്ച പട്ടിക നൽകാൻ ആവശ്യപ്പെട്ടു. കൗൺസിലർമാർ നൽകിയ കണക്കനുസരിച്ച് 10000 എൽ.ഇ.ഡി ലൈറ്റ് വാങ്ങാനാണ് ഭരണസമിതി ലക്ഷ്യമിട്ടതത്രെ.
അപേക്ഷ ക്ഷണിച്ചതനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങളായ കെൽട്രോൺ, കെ.എസ്.ഐ.ഇ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡ് (കെൽ) -2350 രൂപയും യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്- 2450 രൂപയുമാണ് ഒരു യൂനിറ്റ് സ്ഥാപിക്കാനായി ക്വട്ടേഷൻ നൽകിയത്.
എന്നാൽ, രാഷ്ട്രീയ സമ്മർദങ്ങളെതുടർന്ന് ഇ-ടെൻഡർപോലും നടത്താതെ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയ യുനൈറ്റഡ് ഇലക്ട്രിക്കൽസിന് കോർപറേഷന് ഭരണസമിതി കരാർ നൽകുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. കോർപറേഷെൻറ ക്രമവിരുദ്ധമായ നടപടിക്കെതിരെ കെൽട്രോൺ അധികൃതർ മേയർ ആര്യ രാജേന്ദ്രന് പരാതി നൽകിയെങ്കിലും സി.പി.എമ്മിലെ ഉന്നതർ ഇടപെട്ട് പരാതി ഒതുക്കുകയാ യിരുന്നു.
സ്വന്തമായി ഉൽപന്നങ്ങൾ നിർമിച്ച് നൽകുന്ന പൊതുമേഖല സ്ഥാപനങ്ങൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ, മീറ്റർ കമ്പനി ഇത്തരത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്വയം നിർമിക്കുന്നില്ല.
പകരം ബ്രാൻഡഡ് കമ്പനികളിൽനിന്ന് ലൈറ്റുകൾ വാങ്ങി കൂടിയ തുകക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുകയാണ് പതിവ്. എൽ.ഇ.ഡി ലൈറ്റുകൾ നിർമിക്കാത്ത ഇവർക്കെങ്ങനെ ഇ-ടെൻഡർപോലും പാലിക്കാതെ കരാർ നൽകിയതെന്നത് അഴിമതിയുടെ ആക്കം കൂട്ടുന്നു. നേരത്തേ കെ.എസ്.ഇ.ബിക്ക് വേണ്ടി മീറ്ററുകൾ നിർമിച്ചിരുന്നത് യുനൈറ്റഡ് ഇലക്ട്രിക്കൽസായിരുന്നു. എന്നാൽ, മീറ്ററുകളുെട നിലവാരം മോശമാണെന്ന് കണ്ട് 35000 മീറ്ററുകൾ കെ.എസ്.ഇ.ബി തിരിച്ചയക്കുകയും 2013 ഫെബ്രുവരി 14ന് മീറ്റർ നിർമാണത്തിൽനിന്ന് കമ്പനിയെ ഉമ്മൻ ചാണ്ടി സർക്കാർ ഒഴിവാക്കുകയുമായിരുന്നു.
രണ്ടരക്കോടിയുടെ കരാർ കൊടുത്തത് ആരാണെന്നറിയില്ല - ആര്യ രാജേന്ദ്രൻ (മേയർ)
പുതിയ ഭരണസമിതിക്ക് മുന്നിൽവന്ന വലിയൊരു പ്രശ്നമായിരുന്നു തെരുവുവിളക്കുകൾ കത്താത്തത്. അടിയന്തരസാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഉത്തരവ് പ്രകാരം മീറ്റർ കമ്പനിക്ക് അനുമതി നൽകിയത്.
ഇവർക്ക് ടെൻഡർ വിളിക്കാതെ കരാർ കൊടുക്കാനുള്ള സർക്കാർ ഉത്തരവും ഇവർ ഹാജരാക്കിയിരുന്നു. എന്നാൽ, കമ്പനിക്ക് രണ്ടരക്കോടിയുടെ കരാർ കൊടുത്തത് ആരാണെന്നറിയില്ല. ഭാവിയിൽ ഇ-ടെൻഡർ മുഖേനതന്നെ ലൈറ്റുകൾ വാങ്ങും.
ഇനി ചെയ്യില്ല -ഡി.ആർ. അനിൽ (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)
പൊതുമേഖല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒരു മത്സര ടെൻഡർ വിളിക്കണമെന്നായിരുന്നു എെൻറ ആഗ്രഹം. എന്നാൽ, അടിയന്തരസാഹചര്യം കണക്കിലെടുത്താണ് നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ ഇ-ടെൻഡർ വിളിക്കാതെ യുനൈറ്റഡ് ഇലക്ട്രിക്കൽസിന് കരാർ നൽകിയത്.
ഇനി ഒരു കാരണവശാലും ഭാവിയിൽ ഇ-ടെൻഡർ വിളിക്കാതെ മുന്നോട്ടുപോകില്ല. നഗരം കുറച്ച് പ്രകാശിച്ചെങ്കിലും ഇതേ ഭരണസമിതിക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. എല്ലാം സുതാര്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.