‘അവരുടെ അഭിനിവേശത്തെ അങ്ങേയറ്റം പിന്തുണക്കുന്നു’; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവ്
text_fieldsകോഴിക്കോട്: സൈബറാക്രമണം തുടരുന്നതിനിടെ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവ് ലീജോ ഫിലിപ്പ്. ഒരു കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിൽ അച്ചുവിനൊപ്പം സമ്പൂർണ മനസോടെയാണ് നിൽക്കുന്നതെന്ന് ലീജോ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
ലീജോ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
'ഒരു കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിലുള്ള ഭാര്യ അച്ചു ഉമ്മന്‍റെ യാത്രയിൽ ഞാൻ സമ്പൂർണ മനസ്സോടെ കൂടെ നിൽക്കുന്നു. തുടക്കം മുതൽ തന്നെ ബഹുമാനപൂർവം അവർക്ക് ഞാൻ അചഞ്ചലമായ പിന്തുണ നൽകിയിട്ടുണ്ട്. അക്ഷീണമായ സമർപ്പണവും സർഗാത്മകതയുമാണ് അവരുടെ നേട്ടങ്ങളിൽ പ്രതിഫലിക്കുന്നത്. അവർ നേരിടുന്ന ആരോപണങ്ങൾ അവാസ്തവമാണ്. മൂല്യവത്തായ സമീപനത്തിന്‍റെയും അകൃത്രിമമായ ശ്രമങ്ങളുടെയും ഫലമാണ് അച്ചുവിന്‍റെ വിജയങ്ങൾ. ഒരു കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിൽ അവരുടെ അഭിനിവേശത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഞാനും മക്കളും പിന്തുണക്കുന്നു. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണി എന്ന നിലയിൽ ആ പൈതൃകം ഉയർത്തിപ്പിടിച്ച് കുടുംബത്തിന് പരിപൂർണ പിന്തുണ നൽകിയിട്ടുണ്ട്. എന്റെ ഭാര്യയുടെയും കുടുംബത്തിന്‍റെയും ക്ഷേമം ഉറപ്പു വരുത്താനുള്ള ശേഷി എനിക്കുണ്ട്. അച്ചുവിനുള്ള അചഞ്ചലമായ പിന്തുണ എന്നും നിലനിൽക്കും.'
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അച്ചു ഉമ്മനെതിരെ വ്യാപക സൈബറാക്രമണം നടക്കുന്നത്. ഇതേതുടർന്ന് അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയറ്റ് മുൻ ജീവനക്കാരനും ഇടത് സംഘടന നേതാവുമായ നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു.
സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണവേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുമുള്ള ശ്രമത്തിനെതിരെ അച്ചു ഉമ്മൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. നടപടി ആവശ്യപ്പെട്ട് വനിത കമീഷനിലും സൈബർ സെല്ലിലും അച്ചു പരാതി നൽകിയിട്ടുണ്ട്.
ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നാണ് സൈബർ അധിക്ഷേപങ്ങൾക്കെതിരെ അച്ചു ഉമ്മൻ പ്രതികരിച്ചത്. സർക്കാറിന്റെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ ശ്രമം. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ അദ്ദേഹം മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു. ഒളിവിലും മറവിലും ഇരുന്ന് പറയുന്നവർക്കെതിരെ എങ്ങനെയാണ് നിയമ നടപടിയെടുക്കുന്നത്. നിങ്ങൾ ഒരു മൈക്കിന് മുന്നിൽ വന്നുനിന്ന് പറയൂവെന്നും അച്ചു ഉമ്മൻ പറഞ്ഞിരുന്നു.
വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ നന്ദകുമാർ നേരത്തെ ഫേസ്ബുക്കിലൂടെ തന്നെ ക്ഷമാപണം നടത്തിയിരുന്നു. ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും ക്ഷമാപണ കുറിപ്പിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.