സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; വയനാട്ടിൽ ഇടത് കളമൊരുങ്ങി
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് കളമൊരുങ്ങി. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തത് മത്സരച്ചൂടിന് വയനാടിന്റെ കാത്തിരിപ്പ് നീളും.
സി.പി.ഐ സ്ഥാനാർഥിപ്പട്ടികയിൽ വയനാട് സീറ്റിൽ മത്സരിക്കാൻ ദേശീയ നേതാവ് ആനിരാജയുടെ പേര് വന്നതോടെ വീണ്ടും മണ്ഡലം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധനേടി. കോൺഗ്രസ് സീറ്റിൽ രാഹുൽ മത്സരിക്കാനുള്ള സാധ്യത കുറവാണെന്നാണ് നേൃതൃത്വം നൽകുന്ന സൂചന. രാഹുൽ മത്സരിച്ചില്ലെങ്കിൽ ഷാനിമോൾ ഉസ്മാൻ സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടെന്നാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്.
വനിത, മുസ്ലിം പ്രതിനിധിയെന്ന നിലയിലാണ് ഷാനിമോളുടെ പേര് ഉയർന്നു വരുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രന്റെ പേരാണ് ബി.ജെ.പിക്കുള്ളിൽ ഉയർന്നു കേൾക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നതെങ്കിൽ ശക്തയായ എതിർ സ്ഥാനാർഥിയെന്ന നിലയിലാണ് ശോഭ സുരേന്ദ്രനെ പാർട്ടി പരിഗണിക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ ശോഭ സുരേന്ദ്രനും വയനാട്ടിൽ നിൽക്കാൻ സാധ്യതയില്ല.
കേരളത്തിൽ ‘ഇൻഡ്യ’ സഖ്യമില്ലാത്തതിനാൽ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഇൻഡ്യ സഖ്യത്തിലെ രണ്ട് ദേശീയ നേതാക്കളായ രാഹുലും ആനിരാജയും മത്സരിച്ചാൽ ബി.ജെ.പി ചർച്ചയാക്കുമെന്ന കാര്യത്തിൽ സാധ്യതയേറെയാണ്. രാഹുൽ കളത്തിലിറങ്ങിയാൽ പ്രതിരോധിക്കാൻ ഇടതുമുന്നണി തയാറെടുത്തതിന്റെ തെളിവാണ് ആനിരാജയുടെ സ്ഥാനാർഥിത്വം.
മാർച്ച് ഒന്നിന് ഡൽഹിയിൽനിന്ന് ആനിരാജ വയനാട്ടിലെത്തും. വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നുമാണ് ഡൽഹിയിൽ മാധ്യമങ്ങളോട് ആനിരാജ പറഞ്ഞത്.
മാർച്ച് ഒന്നിന് വയനാട്ടിൽ ആനിരാജ എത്തുന്നതോടെ ഇടതുപാളയത്തിൽ തെരഞ്ഞെടുപ്പ് ആവേശം ഉയരും. എൻ.എഫ്.ഐ.ഡബ്ല്യൂ ദേശീയ സെക്രട്ടറി, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് 58 കാരിയായ ആനിരാജ. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വയനാട് ലോക്സഭ മണ്ഡലം. ലോക്സഭ തെരഞ്ഞെടുപ്പിൽ എന്നും വലതിനൊപ്പമാണ് വയനാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.