വാക്സിൻ നയത്തിനെതിരെ 28ന് എൽ.ഡി.എഫ് സത്യഗ്രഹം
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ വാക്സിൻ നയത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 28ന് എൽ.ഡി.എഫ് പ്രവർത്തകരും അനുഭാവികളും വീട്ടുമുറ്റങ്ങളിൽ വൈകീട്ട് 5.30 മുതൽ ആറ് മണി വരെ സത്യഗ്രഹമിരിക്കും. കോവിഡിെൻറ രണ്ടാംതരംഗത്തിൽ മനുഷ്യജീവന് വില കൽപിക്കാത്ത സമീപനമാണ് കേന്ദ്രത്തിേൻറതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പുതിയ വാക്സിൻനയം ജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞുമാറി എല്ലാ ഭാരവും സംസ്ഥാനങ്ങളുടെ തലയിലിടുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനങ്ങൾക്ക് താങ്ങാനാകാത്ത അധികഭാരമാണ് കേന്ദ്രം അടിച്ചേൽപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ സൗജന്യമായി നൽകണമെങ്കിൽ സംസ്ഥാനം വില കൊടുത്ത് വാങ്ങണമെന്ന് പറഞ്ഞ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ജനങ്ങളെ അവഹേളിക്കുകയാണ്.
കേന്ദ്രം വാക്സിൻ തന്നില്ലെങ്കിലും സ്വന്തം നിലയിൽ വിലകൊടുത്തുവാങ്ങി ജനങ്ങൾക്ക് നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളീയസമൂഹത്തിന് വലിയ ആശ്വാസമേകും. ഇതിനുള്ള അധികെചലവായി കണക്കാക്കുന്നത് 1300 കോടി രൂപയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് എല്ലാ പിന്തുണയും നൽകുകയെന്നത് അഭിമാനബോധമുള്ള മുഴുവൻ മലയാളികളുടെയും ചുമതലയായി സി.പി.എം കാണുന്നു.
ആരുടെയും ആഹ്വാനമില്ലാതെതന്നെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലയാളികൾ സംഭാവന അയച്ചുതുടങ്ങിയത് അഭിമാനകരമാണ്. പാർട്ടി അംഗങ്ങളും അനുഭാവികളും കൈയയച്ച് സംഭാവന നൽകണം. കേരളീയസമൂഹത്തെ അവഹേളിക്കുന്ന കേന്ദ്രസമീപനത്തിനെതിരായ മറുപടിയായി വാക്സിൻ ചലഞ്ച് ഏറ്റെടുക്കണമെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.