കേന്ദ്ര ഏജൻസികൾക്ക് എതിരെ ഇടതുമുന്നണി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത്, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് എന്നിവയിൽ അന്വേഷണം നടത്തുന്ന സി.ബി.െഎ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്കെതിരെ ജനകീയ പ്രതിഷേധത്തിന് എൽ.ഡി.എഫ്. പ്രതിപക്ഷ സമരത്തിനെതിരായ പ്രതിരോധ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാനാണ് ചൊവ്വാഴ്ച മുന്നണിയോഗം ചേർന്നതെങ്കിലും ചർച്ചകൾ അജണ്ടക്ക് പുറത്തെ കേന്ദ്ര ഏജൻസികളുടെ പോസ്റ്റ്മോർട്ടത്തിലേക്ക് നീങ്ങി.
സംസ്ഥാന സർക്കാർ അർപ്പിച്ച വിശ്വാസ്യതയോട് കേന്ദ്ര ഏജൻസികൾ നീതി പുലർത്തിയിെല്ലന്ന് കൺവീനർ എ. വിജയരാഘവൻ യോഗശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണ ഏജൻസികളെ സംസ്ഥാന താൽപര്യത്തിനെതിരെ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നു. അതിന് അനുകൂല സമീപനമാണ് പ്രതിപക്ഷത്തിേൻറത്.
കേന്ദ്ര ഏജൻസിയുടെ തെറ്റായ നടപടിക്കെതിരെ എൽ.ഡി.എഫ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്തെ സി.ബി.െഎ പ്രവർത്തനത്തെ നിയന്ത്രിക്കാൻ നിയമനിർമാണം വേണോ എന്ന് കൂടുതൽ കൂടിയാലോചനക്കുശേഷം തീരുമാനിക്കും. എല്ലാ കേന്ദ്ര ഏജൻസികൾക്കും നിയപരമായി പ്രവർത്തിക്കാം.
അവയെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചാൽ വിമർശിക്കേണ്ടിവരും. കുറ്റവാളികളെ അതിവേഗം കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ വിജയിച്ചിട്ടില്ല. ഭരണനിർവഹണത്തെ അത് തടസ്സപ്പെടുത്തി. കേന്ദ്ര സർക്കാറിെൻറ രാഷ്ട്രീയതാൽപര്യത്തിന് വേണ്ടിയാണിത്. കേരള സർക്കാർ കേന്ദ്ര ഏജൻസിയെ സ്വാഗതം ചെയ്തത് ഉദ്ദേശ്യശുദ്ധിയോടെയാണ്. നിയമവിരുദ്ധ പ്രവർത്തനം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനോട് തുറന്നസമീപനമാണ് സംസ്ഥാനത്തിനെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എട്ട് കേന്ദ്ര ഏജൻസികൾ വിവിധതലത്തിൽ അന്വേഷണം നടത്തുന്നെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇൗ അന്വേഷണത്തിെൻറ ലക്ഷ്യം എൽ.ഡി.എഫ് സർക്കാറാണെന്നും പിന്നിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറാണെന്നും വിവിധ കക്ഷിനേതാക്കൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധികളുടെ അഭിപ്രായത്തോട് യോജിച്ച് 'ഇതൊക്കയുണ്ട്' എന്നുമാത്രം പ്രതികരിച്ചു. ജോസ് കെ. മാണി വിഷയം ചർച്ചയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.