കർഷക, പരിസ്ഥിതി സംരക്ഷണം: വാഗ്ദാനങ്ങൾ വിഴുങ്ങി ഇടതു സർക്കാർ
text_fieldsകോട്ടയം: കേരളത്തിന്റെ ഭരണം രണ്ടാമതും പിടിക്കാൻ തെരഞ്ഞെടുപ്പുകാലത്തു 900 വാഗ്ദാനം മുന്നോട്ടുവെച്ച ഇടതുമുന്നണി അധികാരം കിട്ടിയതോടെ പരമപ്രധാനമായ പരിസ്ഥിതി പ്രശ്നങ്ങൾ മറന്നു. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിൽ ഒന്നുമാത്രമായ കെ-റെയിലിന് അമിത പ്രാധാന്യം നൽകിയ സർക്കാർ ലക്ഷക്കണക്കിന് മലയോര നിവാസികളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ നടപടികളൊന്നുമെടുത്തില്ല. പൂർണമായും സംസ്ഥാന സർക്കാറിന് കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നിട്ടും അവഗണിച്ചതാണ് ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയടക്കമുള്ള പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ കർഷകരെ ഇത്രയും പ്രതികൂലമായി ബാധിക്കാൻ കാരണം. പ്രകടനപത്രികയിൽ പരിസ്ഥിതി, വനം, വന്യജീവി ആക്രമണങ്ങളെ സംബന്ധിച്ച് അക്കമിട്ടു നൽകിയ വാഗ്ദാനങ്ങൾ ഇവയാണ്.
706 പ്രാദേശിക ജനവിഭാഗങ്ങളുടെയും കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കി, പശ്ചിമഘട്ട പങ്കാളിത്തം ഉറപ്പാക്കി പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്ക് രൂപംനൽകും. ഇതിനൊരു മാതൃകയാവും ഇടുക്കി- വയനാട് പാക്കേജുകൾ.
719 പാറ ഖനനമടക്കം കേരളത്തിന്റെ ഖനികൾ പൊതു ഉടമസ്ഥതയിലാക്കുകയും ഖനനത്തിന് ശക്തമായ സാമൂഹിക നിയന്ത്രണ സംവിധാനം കൊണ്ടുവരുകയും ചെയ്യും.
721 വനം കൈയേറ്റം പൂർണമായും തടയാൻ സ്ഥിരം ജണ്ടകൾ കെട്ടി വേർതിരിക്കുന്ന പദ്ധതി ഈർജിതമായി നടപ്പാക്കി അടുത്ത അഞ്ചു വർഷംകൊണ്ട് മുഴുവൻ ജണ്ടകളും കെട്ടിത്തീർക്കും. ഇതോടെ അതിർത്തി തർക്കങ്ങൾ ഒഴിവാക്കാനും സ്വകാര്യ ഭൂമിക്ക് എൻ.ഒ.സി നൽകാനും കഴിയും. വനാതിർത്തികൾ ഡിജിറ്റലൈസ് ചെയ്തു രേഖപ്പെടുത്തും.
722 വനമേഖലയിലെ കാമ്പ് മേഖലകൾ അസ്പർശിത വനങ്ങളായി നിലനിർത്തും
723. തടി ആവശ്യം നിറവേറ്റാൻ കാടിനു പുറത്തു കാർഷിക വനവത്കരണം നടപ്പാക്കും. വനാവകാശ നിയമം നടപ്പാക്കാനുള്ള തടസ്സങ്ങൾ നീക്കുകയും തടിയേതര വനവിഭവങ്ങൾ ശേഖരിക്കാനും വിൽക്കാനുമുള്ള അവകാശം ആദിവാസികൾക്ക് ഉറപ്പാക്കുകയും ചെയ്യും.
726. വന്യജീവി ആക്രമണങ്ങൾ കൃഷിക്കും ജനങ്ങളുടെ ജീവനും വലിയ ഭീക്ഷണിയായിട്ടുണ്ട്. ഈ സംഘർഷം ലഘൂകരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.
727. മതിൽ, കിടങ്ങ്, ഇലക്ട്രിക് ഫെൻസിങ് തുടങ്ങിയവയോടൊപ്പം ചില ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനീച്ചക്കൂടുകളുടെ ശൃംഖലയും കാട്ടാനയുടെ ശല്യം കുറക്കാൻ ഉപയോഗിക്കും. ഇത് കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കും.
728. വനഭൂമിയിലെ യൂക്കാലിപ്റ്റസ്, അക്കേഷ്യ, ഗ്രാന്റീസ് തുടങ്ങിയ പുറം മരങ്ങൾ പിഴുതുമാറ്റി കാട്ടുവനങ്ങൾ വെച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യ സസ്യജാലങ്ങൾക്ക് ഭീഷണിയായി പെരുകുന്ന പുറംകളകൾ ഇല്ലാതാക്കും. ഉൾക്കാടുകളിൽ താമസിക്കുന്നവർ സന്നദ്ധരെങ്കിൽ അവരെ പുനരധിവസിപ്പിക്കും.
743. കേരളത്തിലെ പരിസ്ഥിതി ജൈവവൈവിധ്യം, കാലാവസ്ഥ വ്യതിയാന പ്രതികരണം എസ്.സി.ജി ലക്ഷ്യങ്ങളുടെ സ്ഥിതി എന്നിങ്ങനെ അഞ്ച് റിപ്പോർട്ട് തയാറാക്കി പ്രസിദ്ധീകരിക്കും. ഇതിന് തെരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുമതല നൽകും.
ഇതിൽ വനം ജണ്ടകെട്ടി വേർതിരിക്കുകയും അതിരുകൾ ഡിജിറ്റലൈസ് ചെയ്തു രേഖപ്പെടുത്തുകയും ചെയ്യുമെന്ന വാഗ്ദാനങ്ങൾ എങ്കിലും നടപ്പായിരുന്നുവെങ്കിൽ കർഷകരുടെ ആശങ്കക്ക് വലിയ അറുതി വരുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.