ഇസ്രായേൽ സഹകരണത്തിനൊരുങ്ങി ഇടതുസർക്കാർ; മോദി സന്ദർശിച്ചപ്പോൾ സി.പി.എം എതിർത്തതെന്തിനെന്ന് വിമർശനം
text_fieldsഇസ്രായേലുമായി വിവിധ മേഖലകളിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ സഹകരണത്തിനൊരുങ്ങുന്നു. പരസ്പര സഹകരണം സംബന്ധിച്ച് ഇസ്രായേൽ പ്രതിനിധിസംഘവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ഇസ്രായേലിന്റെ ദക്ഷിണേന്ത്യൻ കോൺസൽ ജനറൽ തമ്മി ബെൻഹൈമിന്റെ നേതൃത്വത്തിലുള്ള സംഘവുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ചർച്ച ഗുണപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. അതേസമയം, സഹകരണത്തിനെതിടെ ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്.
''ഇസ്രായേലിന്റെ ദക്ഷിണേന്ത്യൻ കോൺസൽ ജനറൽ തമ്മി ബൈൻഹൈമുമായി ചർച്ച നടത്തി. ഇസ്രായേലും കേരളവും തമ്മിൽ ഏറെ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് അനുസ്മരിച്ചു. കൃഷിയിലും ടൂറിസത്തിലും കേരളവുമായി സഹകരിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് അവർ ഉറപ്പ് നൽകി''-കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
കേരളവുമായുള്ള ടൂറിസം സഹകരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇസ്രായേലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിക്കുമെന്ന് കോൺസൽ ജനറൽ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. അടുത്ത വർഷം ഫെബ്രുവരിയിൽ ഇസ്രായേൽ മന്ത്രി കേരളം സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇസ്രായേലുമായി ബന്ധപ്പെട്ട് ഇടതുപാർട്ടികളുടെ നിലപാട് മറന്നുപോയെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന വിമർശനം. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്ന വേളയിൽ സി.പി.എം അതിനെ എതിർത്തുകൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പും ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ട്വീറ്റിന് താഴെ തന്നെ ചിലർ ഈ വാർത്താക്കുറിപ്പ് പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.