സിൽവർ ലൈൻ: കേന്ദ്രം ഉടക്കുന്യായങ്ങൾ തുടങ്ങിയത് ഇടതുഭരണത്തുടർച്ചക്കു ശേഷം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇടതുസർക്കാറിന് ഭരണത്തുടർച്ച കിട്ടിയ 2021നുശേഷമാണ് സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ അതുവരെയില്ലാത്ത പ്രശ്നങ്ങളും ഉടക്ക് ന്യായങ്ങളും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാറിനെ വലിച്ചിടുമെന്നുള്ള പ്രഖ്യാപനങ്ങൾ ജനങ്ങൾ തള്ളുകയും വീണ്ടും ഭരണമേൽപ്പിക്കുകയും ചെയ്തതിനെ തുടർന്നാണിത്. 2021 ലെ കേന്ദ്ര ബജറ്റിൽ സിൽവർലൈൻ പദ്ധതിയെ നാഷനൽ റെയിൽ പ്ലാനിന്റെ ഭാഗമായി പരാമർശിച്ചിരുന്നതാണ്. ഈ പ്ലാനിൽ ഉൾപ്പെട്ട പദ്ധതികൾ 2030 ഓടെ പൂർത്തിയാകുമെന്ന ഉറപ്പുനൽകുകയും ചെയ്തിരുന്നു. 2021 മേയിലെ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ വിഷയത്തിൽ എൽ.ഡി.എഫ് നടത്തിയ രാഷ്ട്രീയ പ്രചാരണ മഹായോഗം ഇ.കെ. നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പാതയെക്കുറിച്ച് ചിന്തിക്കണമെന്ന് റെയിൽവേയാണ് സംസ്ഥാന സർക്കാറിനോട് നിർദേശിച്ചത്. റെയിൽവേ ബോർഡ് ചെയർമാനായിരുന്ന അശ്വനി ലൊഹാനി കേരളത്തിലെത്തി സംസ്ഥാന സർക്കാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ മൂന്നും നാലും വരി പാതകൾ വേണമെന്ന തീരുമാനമുണ്ടാകുന്നത്.
നിരവധി കത്തിടപാടുകളും പിന്നീട് നടന്നു. 2019 ഡിസംബർ 17ന് അന്നത്തെ റെയിൽവേ മന്ത്രി നിക്ഷേപത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതിയും നൽകിയിരുന്നു. അനുമതിക്കായി ഡി.പി.ആർ പരിശോധിക്കുകയാണെന്നും കത്തിലുണ്ടായിരുന്നു. ചില വ്യക്തതകൾ തേടിയുന്നത് കെ-റെയിൽ വിശദീകരിക്കുകയും ചെയ്തിരുന്നതാണ്. രാജ്യത്തിന്റെ പലഭാഗത്തും അതിവേഗ റെയിലുകൾ നടപടികൾ തുടങ്ങിയിട്ടുണ്ട്. 'മറ്റ് സ്ഥലങ്ങളിലാകാം കേരളത്തിൽ പറ്റി'ല്ലെന്ന കേരളത്തിലെ ചില 'വിദഗ്ധരു'ടെ നിലപാട്.
റെയിൽവേ വികസനകാര്യത്തിൽ ഏറ്റവും വലിയ അവഗണനയാണ് കേരളം നേരിടുന്നത്. ഫലപ്രദമായ വികസനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കേരളത്തോട് പ്രത്യേക രീതിയിലുള്ള സമീപനവും വലിയ അവഗണനയുമാണ് കേന്ദ്രസർക്കാർ കാട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാനം രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.