ആയിഷ സുല്ത്താനക്കു നേരെ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം –സി.പി.എം
text_fieldsതിരുവനന്തപുരം: ലക്ഷദ്വീപ് നിവാസി ആയിഷ സുല്‍ത്താനയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനുള്ള ലക്ഷദ്വീപ് പൊലീസിെൻറ ഹീനമായ നീക്കത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കവരത്തി പൊലീസ് കൊണ്ടുപോയ അവരുടെ ലാപ്ടോപ്പില്‍ കൃത്രിമമായി രേഖകള്‍ കയറ്റി ഐഷക്കെതിരായി തെളിവുകളെന്ന പേരില്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഭീമ - കൊറെഗാവ് കേസില്‍ എന്‍.ഐ.എ പിടികൂടിയ നിരപരാധികള്‍ക്കെതിരെ കള്ള തെളിവുകളുണ്ടാക്കിയത് ഈ വിധമാണ്.
ഫാ. സ്റ്റാന്‍ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന വ്യാജ രേഖകള്‍ അദ്ദേഹത്തില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ കയറ്റുകയാണുണ്ടായതെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. പൗരാവകാശം ചവിട്ടിമെതിക്കുന്ന ബി.ജെ.പി സര്‍ക്കാറിെൻറ നയമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നടത്തുന്നത്. ഐഷക്കുനേരെ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും പൗരവകാശ ധ്വംസനവുമാണെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
ആയിഷ സുൽത്താനക്ക് പിന്തുണയുമായി ഇടതുനേതാക്കളുടെ സന്ദർശനം
കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്ത സിനിമ പ്രവർത്തക ആയിഷ സുൽത്താനക്ക് പിന്തുണയുമായി ഇടതുനേതാക്കളുടെ സന്ദർശനം. എ.എം. ആരിഫ് എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് എന്നിവരാണ് കൊച്ചിയിലെത്തി ആയിഷക്ക് പിന്തുണ അറിയിച്ചത്.
കാക്കനാട്ടെ വസതിയിൽ എത്തിയ എ.എം. ആരിഫ് ആയിഷയെ അന്വേഷണസംഘം നിരന്തരം പിന്തുടരുകയാണെന്ന് വ്യക്തമാക്കി. നിയമപരമായും അല്ലാതെയുമുള്ള പിന്തുണ നൽകും. വ്യാഴാഴ്ച പരിശോധനക്ക് എത്തിയ സംഘം ആയിഷയുടെ വീട് അലങ്കോലമാക്കിയിട്ടിട്ടാണ് പോയത്. എളമരം കരീം എം.പിയുടെ നിർദേശ പ്രകാരമാണ് ആരിഫ് എത്തിയത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥും ഒപ്പമുണ്ടായിരുന്നു. ആരിഫ് എഴുതിയ 'എെൻറ തെരഞ്ഞെടുത്ത നിയമസഭ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും' പുസ്തകവും ആയിഷക്ക് കൈമാറി.
ഭരണാധികാരികൾക്കെതിരെ ശക്തമായി സംസാരിച്ചാൽ വേട്ടയാടുന്ന രീതിയാണ് ബി.ജെ.പിയുടേത് എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്.സതീഷ് ആയിഷയെ സന്ദർശിച്ചശേഷം പ്രതികരിച്ചു. ഡി.വൈ.എഫ്.ഐക്ക് ആയിഷ സുൽത്താനയുടെ അവസ്ഥ മനസ്സിലാകുമെന്നതുകൊണ്ടാണ് അവരെ നേരിൽകാണാൻ എത്തിയതെന്നും സതീഷ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.