നാടകീയം, അട്ടിമറി, രാജി; ബഹുദൂരം ഇടത്
text_fieldsതിരുവനന്തപുരം: അട്ടിമറികളും നാടകീയതകളും നിറഞ്ഞ ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിെൻറ ചിത്രം തെളിഞ്ഞതോടെ ഇടതുപക്ഷത്തിന് ആധിപത്യം. മൂന്നിടത്ത് തെരഞ്ഞെടുപ്പിനു പിന്നാലെ അധ്യക്ഷ സ്ഥാനങ്ങളുടെ രാജിയും നടന്നു.
തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ 14 ജില്ല പഞ്ചായത്തുകളിൽ 11ലും 941 ഗ്രാമപഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് നടന്ന 926ൽ 578ലും 152 േബ്ലാക്ക് പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് നടന്ന 149ൽ 109ലും ഇടതുമുന്നണിക്കാണ് ഭരണം. കഴിഞ്ഞതവണ ഇരുമുന്നണികൾക്കും ഏഴു വീതം ജില്ല പഞ്ചായത്തുകളായിരുന്നു. ഇത്തവണ നാലു ജില്ല പഞ്ചായത്തുകൾകൂടി എൽ.ഡി.എഫ് പിടിച്ചെടുത്തു. വയനാട്ടിൽ നറുക്കെടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിച്ചു.
ഭൂരിപക്ഷം ജില്ലകളിലെയും നിരവധി പഞ്ചായത്തുകളിൽ അധ്യക്ഷരെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ് വേണ്ടിവന്നു. അധ്യക്ഷ സ്ഥാനത്തിനായി നിരവധി കാലുമാറ്റങ്ങളും നടന്നു. കണ്ണൂരിലെ നടുവിൽ പഞ്ചായത്തിൽ ഗ്രൂപ്പു പോരു മുലം വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും കെ.പി.സി.സി സെക്രട്ടറി അടക്കം കാലുമാറിയതിനാൽ യു.ഡി.എഫിന് ഭരണം പോയി. ആലപ്പുഴ ചിേങ്ങാലിയിൽ ക്വാറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എൽ.ഡി.എഫ് ഭരണത്തിലായി. മലപ്പുറം, എറണാകുളം യു.ഡി.എഫ് ജയിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ല പഞ്ചായത്തുകളാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.
941 ഗ്രാമപഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന 926ൽ 578ഉം എൽ.ഡി.എഫ് നേടി. 325ൽ യു.ഡി.എഫും 17 ഇടത്ത് എൻ.ഡി.എയും നാലിടത്ത് ട്വൻറി ട്വൻറിയും രണ്ടിടത്ത് സ്വതന്ത്രരും അധ്യക്ഷരായി. 152 ബ്ലോക്കുകളിൽ തെരഞ്ഞെടുപ്പ് നടന്ന 149ൽ 109ലും എൽ.ഡി.എഫ് ജയിച്ചു. 40ൽ യു.ഡി.എഫും.
ആലപ്പുഴ തിരുവൻവണ്ടൂർ, പത്തനംതിട്ട കോട്ടാങ്ങൽ, തൃശൂർ അവിണിശ്ശേരി എന്നിവിടങ്ങളിൽ രാഷ്ട്രീയസമവാക്യങ്ങൾ തെറ്റിച്ച വോെട്ടടുപ്പിലൂടെ എൽ.ഡി.എഫ് അധികാരത്തിലെത്തിയെങ്കിലും രാജിവെച്ചു. യു.ഡി.എഫ്, എസ്.ഡി.പി.െഎ പിന്തുണയിൽ ലഭിച്ച സ്ഥാനങ്ങൾ വേണ്ടെന്ന നിലപാടിലാണ് രാജി. അവിണിശ്ശേരിയിലും തിരുവൻവണ്ടൂരിലും വലിയ കക്ഷിയായ ബി.ജെ.പിയെ ഒഴിവാക്കാൻ യു.ഡി.എഫ് എൽ.ഡി.എഫിന് വോട്ടുചെയ്യുകയായിരുന്നു.
രണ്ടിടത്തും ഇനി എൽ.ഡി.എഫ് യു.ഡി.എഫിനെ പിന്തുണച്ചില്ലെങ്കിൽ വലിയ കക്ഷിയായ ബി.ജെ.പി അധികാരത്തിലെത്താനാണ് സാധ്യത. കോട്ടാങ്ങലിൽ എസ്.ഡി.പി.ഐ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടതാണ് രാജിക്ക് കാരണം. ഇവിടെ എൽ.ഡി.എഫ്, ബി.ജെ.പി കക്ഷിനില തുല്യമായതോടെയാണ് എസ്.ഡി.പി.െഎ പിന്തുണച്ചത്.
അതേസമയം, റാന്നിയിൽ ബി.െജ.പി പിന്തുണയോടെ എൽ.ഡി.എഫിലെ ജോസ് വിഭാഗം നേതാവ് പ്രസിഡൻറായത് വിവാദമായെങ്കിലും രാജിവെച്ചിട്ടില്ല. എൽ.ഡി.എഫുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം ജില്ല പ്രസിഡൻറ് എൻ.എം. രാജു അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് എസ്.ഡി.പി.ഐ പിന്തുണയോടെ യു.ഡി.എഫ് ജയിച്ച പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ ഡി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.