കേരളത്തിലെ കൊലപാതകങ്ങൾ: മൂന്നാം ദിവസവും പാർലമെൻറിൽ ബഹളം
text_fieldsന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പാർലമെൻറിൽ ബഹളം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി എം.പിമാർ നടത്തിയ പരാമർശമാണ് ലോക്സഭയിൽ വ്യാഴാഴ്ച ബഹളത്തിന് ഇടയാക്കിയത്. സി.പി.എം-ബി.ജെ.പി അംഗങ്ങൾ തമ്മിലെ വാഗ്വാദത്തിനൊടുവിൽ ഇടത് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ സഭാ നടപടികൾ കുറച്ചുനേരത്തേക്ക് നിർത്തിവെക്കേണ്ടിവന്നു. രാജ്യസഭയിലും കേരള വിഷയം ചർച്ചയായി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ 14 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന് മീനാക്ഷി ലേഖിയും പ്രഹ്ലാദ് ജോഷിയും കഴിഞ്ഞ ദിവസം ലോക്സഭയിൽ ആരോപിച്ചിരുന്നു. താലിബാൻ ശൈലിയിലാണ് സി.പി.എം എതിരാളികളെ കൊല്ലുന്നതെന്നും അവർ ആരോപിച്ചിരുന്നു.
ഇത് പിൻവലിക്കണമെന്ന് ശൂന്യേവളയിൽ പി. കരുണാകരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും സി.പി.എമ്മിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഭരണപക്ഷത്തെ ചില അംഗങ്ങൾ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ ഇല്ലാത്ത എം.എം. മണിയെ പോലുള്ളവരുടെ പേരുകൾ വലിച്ചിഴക്കുന്നതിൽ ഒരു ന്യായീകരണവുമില്ല. ഇൗ നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ശരിയല്ല. സി.പി.എമ്മിനെ ഭീകര സംഘടനയെന്നാണ് ബി.ജെ.പി അംഗങ്ങൾ വിശേഷിപ്പിച്ചത്. ഇക്കാര്യത്തിൽ ബി.ജെ.പി നിലപാട് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ഭരണപക്ഷത്തുനിന്ന് ബഹളം ആരംഭിച്ചപ്പോൾ എം.ബി. രാജേഷ്, പി. സമ്പത്ത് അടക്കം സി.പി.എം അംഗങ്ങൾ നടുത്തളത്തിലേക്ക് നീങ്ങി. ഇതോടെ സ്പീക്കർ അര മണിക്കൂർ നേരത്തേക്ക് സഭ നിർത്തിവെച്ചു. സഭ പുനരാരംഭിച്ചപ്പോഴും സി.പി.എം-ബി.ജെ.പി അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംസാരിക്കാൻ പി. കരുണാകരൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല.
രാജ്യസഭയിൽ ബി.ജെ.പി അംഗം വിനയ് സഹസ്രബുദ്ധെ, ബി.ജെ.പിക്കൊപ്പം നിൽക്കുന്ന ദലിത് നേതാക്കളെ കൊലചെയ്യുകയാണെന്ന് ആരോപിച്ചു. ബി.ജെ.പിക്കാർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള സാഹചര്യം കേരളത്തിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ഇൗ വിഷയത്തിൽ ഗൗരവപൂർവം ഇടപെടണമെന്ന് പാർലമെൻററികാര്യ സഹമന്ത്രി മുക്താർ അബ്ബാസ് നഖ്വിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.