മാറിയ ഇന്ത്യയിൽ ഇടത് സാന്നിധ്യം നിർണായകം -യോഗേന്ദ്ര യാദവ്
text_fieldsകോഴിക്കോട്: 2019ൽ ഇല്ലാതായ പഴയ ഇന്ത്യക്കുശേഷം വരാനിരിക്കുന്ന മാറിയ ഇന്ത്യയിൽ ഇടതുപക്ഷത്തിന് പ്രധാന ഇടപെടൽ നടത്താനുണ്ടെന്ന് സാമൂഹിക, രാഷ്ട്രീയ ചിന്തകൻ യോഗേന്ദ്ര യാദവ്. ചിന്ത രവീന്ദ്രൻ ട്രസ്റ്റിന്റെ അഞ്ചാമത് പുരസ്കാരം കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയിൽനിന്ന് സ്വീകരിച്ചശേഷം ‘ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷം എന്നാൽ എന്താണ്?’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ന്റെ തെരഞ്ഞെടുപ്പ് ഫലം, മാറുന്ന ഇന്ത്യയെന്ന പേടി സ്വപ്നത്തിൽനിന്ന് നമ്മെ തടഞ്ഞ് ഒരു പുറമ്പോക്കിലെത്തിച്ചിരിക്കയാണ്. ഇവിടെവെച്ചാണ് ഇനിയുള്ള പതിറ്റാണ്ടുകളുടെ ഗതി നിർണയിക്കുക. ഈ നിർണായക ഘട്ടത്തിൽ ഇടതുപക്ഷത്തിന് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. റഷ്യയുടെ തകർച്ചയും ഇടത് കക്ഷികൾക്ക് സ്വാധീനമില്ലാത്തതുമെല്ലാം ചൂണ്ടിക്കാട്ടി ഇടത് അപ്രസക്തമെന്ന് പറയുന്നവരുണ്ട്. എന്നാൽ, ഇടതിന്റെ ഇന്നത്തെ ഇന്ത്യയിലെ സാന്നിധ്യം പുറമെ കാണുന്ന വ്യവസ്ഥാപിത ഇടത് രാഷ്ട്രീയ കക്ഷികളുടെ സാന്നിധ്യത്തെക്കാൾ ആഴമേറിയതാണ്. പഞ്ചാബിലും തെലങ്കാനയിലുമെല്ലാം ഇത് കാണാം. ഇടതുപക്ഷ മനഃസ്ഥിതിയുടെ സ്വാധീനം ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ സ്വാധീനത്തേക്കാൾ സാധാരണക്കാരിൽ വളരെ അധികമാണ്. ഇടതുപക്ഷ ലേബലില്ലാത്ത ഈ ഇടതു മനസ്സുകൾക്ക് രാജ്യത്ത് നിർണായക പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖംതന്നെ മികച്ച ഇടതുരേഖയാണ്. കേരളത്തിൽ മാധ്യമങ്ങൾ ഇവിടത്തെ ഇടതു സർക്കാറിനെ വിമർശിക്കുന്നത് വ്യവസ്ഥിതിയെ എതിർക്കുകയെന്ന കടമനിർവഹണം മാത്രമെന്നാണ് കരുതുന്നതെന്നും യു.ഡി.എഫ് -എൽ.ഡി.എഫ് വ്യവസ്ഥക്കെതിരെയുള്ള എതിർപ്പിനിടയിൽ ബി.ജെ.പി ഇടം കണ്ടെത്തുന്നത് ഇരുമുന്നണികളും കാര്യമായെടുക്കണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ട്രസ്റ്റ് ചെയർപേഴ്സൺ എൻ.എസ്. മാധവൻ അധ്യക്ഷതവഹിച്ചു. ചെലവൂർ വേണുവിനെ കോയമുഹമ്മദും ബി.ആർ.പി. ഭാസ്കറിനെ എം.പി. സുരേന്ദ്രനും അനുസ്മരിച്ചു. കെ.എ. ജോണി സംസാരിച്ചു. എൻ.കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.