കോട്ടയത്ത് ഇടതുതരംഗം; ഭൂരിപക്ഷം പഞ്ചായത്തിലും മേൽകൈ
text_fieldsകേരള കോൺഗ്രസ്-മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുതരംഗം. ആകെയുള്ള 71 പഞ്ചായത്തിൽ 39 ഇടത്തും എൽ.ഡി.എഫ് ഭരണം നേടി. യു.ഡി.എഫിന് 24 പഞ്ചായത്താണ് ലഭിച്ചത്. മൂന്നിടത്ത് എൻ.ഡി.എയും അഞ്ചിടത്ത് മറ്റുള്ളവരും അധികാരത്തിൽ വരും.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10ഇടത്തും എൽ.ഡി.എഫാണ് ജയിച്ചത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി. 22 ജില്ല പഞ്ചായത്ത് ഡിവിഷനിൽ 14 ഇടത്ത് എൽ.ഡി.എഫ് വിജയിച്ചു. ഏഴിടത്ത് യു.ഡി.എഫും ഒരിടത്ത് ജനപക്ഷവും വിജയിച്ചു. ആറ് മുനിസിപ്പാലിറ്റിയിൽ ഏറ്റുമാനൂർ, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ യു.ഡി.എഫ് ജയിച്ചു. പാലായിലും ചങ്ങനാശ്ശേരിയിലും എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. ഈരാറ്റുപേട്ടയിൽ 14 വാർഡിൽ യു.ഡി.എഫ് വിജയിച്ചു. ഒമ്പതിടത്ത് എൽ.ഡി.എഫും അഞ്ചിടത്ത് എസ്.ഡി.പി.ഐയും വിജയിച്ചു.
2015ലെ തെരഞ്ഞെടുപ്പിൽ 49 പഞ്ചായത്തിൽ യു.ഡി.എഫാണ് വിജയിച്ചിരുന്നത്. എൽ.ഡി.എഫിന് 22 പഞ്ചായത്തുമാത്രമാണ് ലഭിച്ചത്. 11 ബ്ലോക്ക് പഞ്ചായത്തിൽ 10 ഇടത്ത് യു.ഡി.എഫും ഒരിടത്ത് ഇടതുമുന്നണിയും വിജയിച്ചിരുന്നു. ആറ് നഗരസഭയിൽ വൈക്കത്തും ഈരാറ്റുപേട്ടയിലും മാത്രമാണ് അന്ന് എൽ.ഡി.എഫിന് ഭരണം കിട്ടിയത്. ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ എട്ടെണ്ണത്തിൽ മാത്രമായിരുന്നു ഇടതുമുന്നണിക്ക് ജയിക്കാനായത്. ബി.ജെ.പിക്ക് ഒരിടത്തും ഭരണം കിട്ടിയിരുന്നില്ല.
ജോസ്-ജോസഫ് വേർപിരിയലിനു ശേഷമുള്ള ആദ്യ ബലാബലത്തിൽ ജോസ് വിഭാഗത്തിനു മിന്നും ജയം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മധ്യകേരളത്തിലെ യു.ഡി.എഫ് പരമ്പരാഗത കോട്ടകളിൽ ജോസ് പക്ഷത്തിനു ലഭിച്ച അംഗീകാരം ജോസഫ് വിഭാഗത്തിനു കനത്ത തിരിച്ചടിയായി. ജോസ് പക്ഷം ഇടതു മുന്നണിക്കൊപ്പമായതോടെ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ 22ൽ 16ഉം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.