ഇടത് ചിന്തകനും ഗ്രന്ഥകാരനുമായ ടി.ജി ജേക്കബ് അന്തരിച്ചു
text_fieldsഊട്ടി: മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ ടി.ജി ജേക്കബ് അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങൾ മൂലം ചികിത്സയിൽ കഴിയുകയായിരുന്നു. ഊട്ടിയിൽ ആയിരുന്നു അന്ത്യം.
1951ൽ അടൂരിൽ ജനിച്ച ജേക്കബ് തിരുവനന്തപുരത്തും ഡൽഹിയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 80കളിൽ മാവോവാദത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന അദ്ദേഹം ‘മാസ് ലൈൻ’ എഡിറ്റർ ആയിരുന്നു. കെ. വേണുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് സി.ആർ.സി -സി.പി.ഐ (എം.എൽ) പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി. അക്കാലത്താണ് ‘ഇന്ത്യ: വികാസവും മുരടിപ്പും എന്ന ഗ്രന്ഥം എഴുതിയത്.
പിന്നീട് മാവോവാദം ഉപേക്ഷിച്ച ജേക്കബ് ഇന്ത്യയുടെ വികസനത്തിന്റെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട നിരവധി കൃതികൾ എഴുതി. ഒഡീസി പബ്ലിക്കേഷൻസ് എഡിറ്ററും നീലഗിരിയിലെ സൗത്ത് ഏഷ്യ സ്റ്റഡി സെന്ററിലെ ഗവേഷകനും ആയിരുന്നു.
യുദ്ധവും ദേശീയ വിമോചനവും സി.പി.ഐ രേഖകൾ(1939 -1945), ഇന്ത്യയിലെ ദേശീയ പ്രശ്നങ്ങൾ - സി.പി.ഐ രേഖകൾ( 1942 -1947), രാഷ്ട്ര രൂപീകരണത്തിലെ അരാജകത്വം - പഞ്ചാബ് കേസ്, ഇടത്തുനിന്ന് വലത്തോട്ട് - ഇന്ത്യയിലെ കമ്യൂണിസത്തിന്റെ തകർച്ച, ഇന്ത്യ വികാസവും മുരടിപ്പും, ജാതി വ്യവസ്ഥയെക്കുറിച്ചുള്ള പ്രതിഫലനങ്ങൾ, ഏറ്റുമുട്ടൽ ആദിവാസികളുടെ ചോദ്യങ്ങൾ, കോവളം വിനോദസഞ്ചാരത്തിന്റെ വിലാപകാവ്യങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം എഴുതി. ഭാര്യ: ബംഗാൾ സ്വദേശി പ്രാഞ്ജലി ബന്ധു(പി ബന്ധു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.