ഉത്തരം മലയാളത്തിൽ; ഉത്തരസൂചിക ഇംഗ്ലീഷിൽ വിചിത്ര നടപടിയുമായി പി.എസ്.സി
text_fieldsതിരുവനന്തപുരം: മലയാളത്തിൽ ഉത്തരമെഴുതാൻ അവസരം നൽകിയ പരീക്ഷകൾ പി.എസ്.സി മൂല്യനിർണയം നടത്തിയത് ഇംഗ്ലീഷ് ഉത്തരസൂചിക ഉപയോഗിച്ച്. കേരള അഡ്മിനിട്രേറ്റിവ് സർവിസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ അടക്കം പരീക്ഷകളിലാണ് വിചിത്ര നടപടി. ഇംഗ്ലീഷ് അധ്യാപകരെ ഉപയോഗിച്ച് മൂല്യനിർണയം നടത്തിയതോടെ മലയാളത്തിൽ പരീക്ഷയെഴുതിയവരിൽ ഭൂരിഭാഗവും പടിക്ക് പുറത്തായി. തലതിരിഞ്ഞ മൂല്യനിർണയത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ഉദ്യോഗാർഥികൾ.
ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമർദത്തെ തുടർന്ന് സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് താൽപര്യമില്ലാതിരുന്നിട്ടുകൂടി ബിരുദ യോഗ്യതയുള്ള പരീക്ഷകൾക്ക് ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ചോദ്യങ്ങൾ നൽകാൻ 2020 മുതൽ പി.എസ്.സി തയാറായത്. കെ.എ.എസ് മുതലുള്ള പരീക്ഷകൾ ആ രീതിയിലാണ് നടന്നത്. എന്നാൽ, ഉത്തരസൂചിക ഇംഗ്ലീഷിൽ മാത്രമാണ് തയാറാക്കിയത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടർ സ്ക്രീനിെൻറ ഒരു ഭാഗത്ത് ലഭ്യമാക്കി മറുവശത്ത് ഉത്തരസൂചിക കൂടി ഉപയോഗിച്ചുകൊണ്ടുള്ള ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) മൂല്യനിർണയ രീതിയാണ് അവലംബിച്ചത്. മലയാളം ഉത്തരവും മറുവശത്ത് ഇംഗ്ലീഷിലുള്ള സൂചികയും ഉപയോഗിച്ച് നടത്തുന്ന മൂല്യനിർണയം അശാസ്ത്രീയമാണെന്ന നിലപാടിലാണ് മുൻ പി.എസ്.സി അംഗങ്ങൾ. മൂല്യനിർണയം നടത്തുന്നവർ ഇരു ഭാഷയിലും ഒരേപോലെ അവഗാഹമുള്ളവരായിരിക്കില്ല. സംസ്ഥാന സർവിസിലെ ഏറ്റവും ഉയർന്ന തസ്തികയിലേക്കുള്ള പരീക്ഷയിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഉത്തരസൂചിക തയാറാക്കി മൂല്യനിർണം നടത്തേണ്ടിയിരുന്നു.
കെ.എ.എസിൽ 151 അധ്യാപകരാണ് മൂല്യനിർണയം നടത്തിയത്. സർവിസിൽ പ്രവേശിച്ച 105 പേരിൽ മലയാളത്തിൽ പരീക്ഷ എഴുതിയ ഒരാൾ മാത്രമാണുള്ളത്. 562 പേരുടെ റാങ്ക് പട്ടികയിൽ മൂന്നുപരീക്ഷയും മലയാളത്തിൽ എഴുതിയവർ എത്രയെന്ന് പി.എസ്.സി ഇനിയും പുറത്തുവിട്ടിട്ടില്ല. വിവരാവകാശപ്രകാരം അപേക്ഷ നൽകിയിട്ടും ചെയർമാനടക്കമുള്ളവർ ഒളിച്ചുകളി തുടരുകയാണ്. കെ.എ.എസ് മൂല്യനിർണയ ശേഷം ഉത്തരസൂചികക്കായി വിവരാവകാശ നിയമപ്രകാരം പി.എസ്.സിയെ സമീപിച്ചെങ്കിലും നൽകിയിട്ടില്ല. അസി.ഇൻഫർമേഷൻ ഓഫിസർ പരീക്ഷയിലും സമാനാവസ്ഥയാണ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷമേ മാർക്ക് പരിശോധിക്കാനും ഉത്തരക്കടലാസിെൻറ പകർപ്പ് ശേഖരിക്കാനും കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.