'എസ്.കെ.എസ്.എസ്.എഫ് പതാകയോട് മാർക്സിസ്റ്റ് ഫാഷിസം കാണിച്ച അഴിഞ്ഞാട്ടത്തിന് നിയമനടപടി സ്വീകരിക്കണം'
text_fieldsകോഴിക്കോട്: കാസർകോട് ചീമേനി ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് പതാകദിനാഘോഷം അലങ്കോലപ്പെടുത്തി നേതാക്കളെയും പ്രവർത്തകരെയും കൈയേറ്റം ചെയ്ത സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ നേതാവ് നാസർ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു. സമസ്തക്ക് രാഷ്ട്രീയമില്ല, പക്ഷെ രാഷ്ട്ര ബോധവും നിലപാടുമില്ലെന്ന് കരുതേണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ധർമ്മക്കൊടിയോട് ലെനിസത്തിന്‍റെ മുടിയഴിച്ചാട്ടം. രാഷ്ട്രീയ ഫാഷിസം മുടിയഴിച്ചാട്ടി ധർമ്മത്തിന്‍റെ കൊടിയഴിപ്പിച്ചു. മതരാഷ്ട്ര വാദത്തെ മാറ്റിനിർത്തി നിരപേക്ഷത അടയാളപ്പെടുത്തുന്നത് രാഷ്ട്രീയ നാടകമല്ലെങ്കിൽ മതമൂല്യ കൊടിയടയാളങ്ങളെ തിരസ്കരിക്കുന്നതെന്തിന്?
തീക്ഷ്ണമായ വെല്ലുവിളികൾക്കിടയിൽ വിശ്വാസത്തിന്‍റെ കരുത്തിൽ കരുപ്പിടിപ്പിച്ച ധർമ്മ വിപ്ലവ പഞ്ചാക്ഷരിയുടെ കൊടിമാനം മാനംമുട്ടുമ്പോൾ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്‍റെ ശവപ്പെട്ടിയിൽനിന്ന് പ്രേതക്രോധം ഉയരുക സ്വാഭാവികം.
'ഹർഖർബലാ കേ ബാദ് ഇസ്ലാം സിന്ദ ഹോതാ ഹേ". വിവഛേദമില്ലാതെ എന്തിനും ഒരുമ്പെട്ടാണ് പാർട്ടി പ്രവർത്തകരെ സമസ്തയുടെ വിദ്യാർത്ഥി പടയണിക്കെതിരെ കാസർകോട് ചാനടുക്കത്ത് തിരിച്ച് വിട്ടതെങ്കിൽ പാർട്ടി ഭരിക്കുന്ന ഭരണകൂടത്തോട് ഞങ്ങൾക്ക് പറയാനുണ്ട് - സമസ്തക്ക് രാഷ്ട്രീയമില്ല, പക്ഷെ രാഷ്ട്ര ബോധവും നിലപാടുമില്ലെന്ന് കരുതേണ്ട.
എസ്.കെ.എസ്.എസ്.എഫിന്‍റെ ത്രിവർണ്ണ പതാകയോട് മാർക്സിസ്റ്റ് ഫാഷിസം കാണിച്ച ഈ അഴിഞ്ഞാട്ടത്തിന് നിയമനടപടി സ്വീകരിക്കട്ടെ. ഭരണകൂടം അമാന്തിച്ചാൽ കനത്ത വില നൽകേണ്ടി വരിക തന്നെ ചെയ്യും. തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.