കെ.ടി. ജലീലിനെതിരായ എ.ബി.വി.പി. പരാതിയിൽ കേസെടുക്കേണ്ടെന്ന് നിയമോപദേശം
text_fieldsതിരുവനന്തപുരം: വിവാദ കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ എ.ബി.വി.പി. പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കേണ്ടെന്ന് നിയമോപദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടെന്ന് നിയമോപദേശം ലഭിച്ചത്. എ.ബി.വി.പി പ്രവർത്തകരുടെ പരാതി സൈബർ വിഭാഗത്തിന് കൈമാറിയിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ വിവാദ കശ്മീർ പരാമർശത്തിൽ കോടതിയുടെ നിർദേശ പ്രകാരം മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ഇന്ന് കേസെടുത്തിരുന്നു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്ന് കീഴ്വായ്പൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ജലീലിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് കലാപ ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പ്രതി ഇന്ത്യൻ പൗരനായിരിക്കെ, രാജ്യത്തെ നിലവിലെ ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കൂടിയുമാണ് എഫ്.ബി. പോസ്റ്റെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽ രാജ്യമായ പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈയടക്കിവച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും പ്രകോപനപരമായി വിശേഷിപ്പിച്ചും ഭരണഘടനയെയും ഗവൺമെന്‍റിനെയും അപമാനിക്കുന്ന തരത്തിൽ തീവ്രനിലപാടുള്ള ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹനപ്പെടുത്തിയും പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താനും മറ്റ് ശ്രമിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ കശ്മീർ പരാമർശത്തിൽ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് പൊലീസിന് നിർദേശം നൽകിയത്. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ആർ.എസ്.എസ് നേതാവും മല്ലപ്പള്ളി എഴുമറ്റൂർ സ്വദേശിയുമായ അരുൺ മോഹൻ ആണ് കോടതിയിൽ ഹരജി നൽകിയത്. കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്.
കശ്മീർ സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ കെ.ടി ജലീലിട്ട പോസ്റ്റിലെ പരമാർശങ്ങള്‍ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 'പാക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്നാണ് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പാകിസ്താൻ അനുകൂലികൾ നടത്തുന്ന പ്രയോഗമാണെന്നായിരുന്നു വിമർശനം. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം.
വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് ജലീൽ പിൻവലിച്ചിരുന്നു. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്‍റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നായിരുന്നു വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.