ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം. ഗവർണർകൂടി കക്ഷിയായ വിഷയത്തിൽ ബില്ലിൽ സ്വയം തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് ലീഗൽ അഡ്വൈസർ അഡ്വ. എസ്. ഗോപകുമാരൻ നായരുടെ ഉപദേശം.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം രാഷ്ട്രപതിക്ക് അയക്കാമെന്ന് ഭരണഘടനതന്നെ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഉപദേശത്തിൽ പറയുന്നു.
ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന് കഴിഞ്ഞദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു. എന്നാൽ ബിൽ രാഷ്ട്രപതിക്ക് വിടുന്നതിൽ ഇതുവരെ രാജ്ഭവൻ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഡൽഹിയിലേക്ക് പോയ ഗവർണർ എട്ടിന് കൊച്ചിയിലെത്തിയ ശേഷം പത്തിനാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്നത്. ഇതിന് ശേഷമാവും തീരുമാനമെന്നാണ് സൂചന.
ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ നിയമസഭ പാസാക്കിയ ചില ബില്ലുകൾ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവെച്ചിട്ടുണ്ട്. ചാൻസലർ ബില്ലിലും അതേ നിലപാട് തുടരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. നിയമോപദേശത്തിന് പുറമെ ഭരണഘടന വിദഗ്ധരുടെ കൂടി ഉപദേശം ഗവർണർ തേടാനും സാധ്യതയുണ്ട്. ഇതിന് ശേഷമായിരിക്കും രാഷ്ട്രപതിക്ക് അയക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.