ഐതിഹാസിക ജയം, സർക്കാരിനെതിരായ പ്രചരണങ്ങൾ ജനം തള്ളിക്കളഞ്ഞു- കോടിയേരി ബാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും നടത്തി വന്ന കളള പ്രചാരവേലകളെല്ലാം തകർന്നടിയുന്ന കാഴ്‌ചയാണ് കാണുന്നത്. ഇടതുപക്ഷത്തെ കേരളത്തിൽ നിന്ന് ഇല്ലാതാക്കും എന്നുപറഞ്ഞാണ് ഇരു മുന്നണികളും പ്രചാരണം നടത്തിയത്. പക്ഷെ കേരളത്തിലെ ജനങ്ങൾക്കിടയിൽ നിന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയോ എന്ന ചോദ്യത്തിന് അവസാന ഫലം വന്നാൽ മാത്രമേ ഉത്തരം പറയാനാകൂ എന്ന് കോടിയേരി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഗ്രാമങ്ങളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ തിരഞ്ഞെടുപ്പിൽ നേടാനായി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്നും കോടിയേരി പറഞ്ഞു.
എൽ.ഡി.എഫ് മുന്നോട്ട് വച്ച നയങ്ങൾക്കുളള അംഗീകാരമാണിത്. എൽ.ഡി.എഫിന്‍റെ രാഷ്‌ട്രീയ, വികസന നയങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഈ ജനവിധി. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിയ ശ്രമങ്ങൾക്കുളള തിരിച്ചടികൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ നൽകിയിരിക്കുന്നതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.