അക്രമം തടയാൻ നിയമനിർമാണം വേണം - പ്രിൻസിപ്പൽമാരുടെ സംഘടന
text_fieldsതിരുവനന്തപുരം: വിദ്യാർഥി സംഘടനപ്രവർത്തനത്തിന്റെ മറവിൽ കോളജിന് പുറത്തുനിന്നുള്ളവർ കാമ്പസിലെത്തി അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തടയാനാവശ്യമായ നിയമനിർമാണം നടത്തണമെന്ന് കേരള അൺ എയ്ഡഡ് കോളജ് പ്രിൻസിപ്പൽസ് കൗൺസിൽ ആവശ്യപ്പെട്ടു.
കൊയിലാണ്ടി ഗുരുദേവ കോളജിലെ അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി അൺ എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാർ കറുത്ത ബാഡ്ജ് ധരിച്ച് ഉപവസിക്കും.
പ്രിൻസിപ്പലിനെതിരെ ആക്രമണ ഭീഷണി മുഴക്കിയ വിദ്യാർഥിസംഘടനാ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണം. പ്രിൻസിപ്പലിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗതിയുടെ ശോഭ കെടുത്തുന്ന കാമ്പസ് അതിക്രമങ്ങൾക്ക് തടയിടാൻ വേണ്ടതായ നടപടികൾ സർക്കാറിന്റെയും സർവകലാശാലകളുടെയും ഭാഗത്ത് നിന്നുണ്ടാകണം.
കാമ്പസ് രാഷ്ട്രീയത്തിനെതിരെ നിരവധി കോടതി വിധികളുണ്ടായിട്ടും സർക്കാർ- പൊലീസ് നിസ്സംഗത മൂലം കോളജുകൾക്ക് നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പ്രിൻസിപ്പൽസ് കൗൺസിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മേജർ ഇബ്രാഹിം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഡോ.സി.പി. ബാബു, ഡോ.ടി.പി. അഹമ്മദ്, ഡോ.എം. ഉസ്മാൻ, ഫാ. ജോയ്, ഡോ.വി. അനിൽ, സിസ്റ്റർ ഷൈനി, ഡോ. ഷബീർ, ഡോ. നിധിൻ, ഡോ. അബ്ദുൽ സമദ്, ഡോ. അനിത ശങ്കർ, ഡോ. മഹീൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.