ഓർഡിനൻസുകൾക്ക് പകരം നിയമഭേദഗതി; നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക്
text_fieldsതിരുവനന്തപുരം: ഒാർഡിനൻസുകൾ നിയമമാക്കുന്നതിനുള്ള നാല് ബില്ലുകൾ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, പഞ്ചായത്തീരാജ് ഭേദഗതി ബിൽ, നഗര-ഗ്രാമാസൂത്രണ ഭേദഗതി ബിൽ, കേരള മുനിസിപ്പാലിറ്റി ഭേദഗതി ബിൽ എന്നിവയാണ് ചർച്ചക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷനും സാമ്പത്തിക ആനുകൂല്യവും വ്യവസ്ഥ ചെയ്യുന്നതാണ് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ.
2005ലെ തൊഴിലുറപ്പ് നിയമം അനുസരിച്ചുള്ള തൊഴിലാളികളും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിക്കുകീഴിൽ വരുന്നവരും ബില്ലിെൻറ പരിധിയിൽ വരും. തൊഴിലുറപ്പ് കാർഡ് ലഭിച്ച 18 വയസ്സുള്ളവരും 55 വയസ്സിൽ താഴെയുള്ളവരുമായവർക്ക് രജിസ്റ്റർ ചെയ്ത് അംഗത്വം നേടാം. 60 വയസ്സ് വരെ അംശാദായം അടച്ചവരും 60 വയസ്സ് പൂർത്തിയായതുമായ അംഗങ്ങൾക്ക് പെൻഷൻ നൽകും. വനിത അംഗങ്ങള്ക്കും പെണ്മക്കള്ക്കും വിവാഹ, പഠന സാമ്പത്തിക സഹായത്തിനുപുറമെ പ്രസവാനുകൂല്യങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അംഗമായി ചേരുന്ന ഒാരോ തൊഴിലാളിയും പ്രതിമാസം 50 രൂപ അംശാദായം നൽകണം.
തുക കുറക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ആനുപാതിക സംഖ്യ സർക്കാർ അടക്കുന്നതിനാൽ പരിഗണിക്കാനാവില്ലെന്ന് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ക്ഷേമനിധിയുടെ പേര് ബിൽ നിയമമാകുേമ്പാൾ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
സ്വയം സാക്ഷ്യപത്രം ഉൾപ്പെടെ അപേക്ഷ നൽകിയാൽ അഞ്ചുദിവസത്തിനകം കെട്ടിട നിർമാണ അനുമതി നൽകണമെന്നതാണ് പഞ്ചായത്തീരാജ് ഭേദഗതി ബിൽ. 2021 ഫെബ്രുവരിയിൽ കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ളതാണിത്. തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുവാദം കൂടാതെ കെട്ടിട നിർമാണമോ പുനർനിർമാണമോ ആരംഭിക്കരുതെന്ന് ബിൽ വ്യക്തമാക്കുന്നു.
സ്വയം സാക്ഷ്യപത്രം സഹിതം കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷിച്ചാൽ അഞ്ച് ദിവസത്തിനകം കൈപ്പറ്റ് സാക്ഷ്യപത്രം നൽകണം. കൈപ്പറ്റ് സാക്ഷ്യപത്രം കെട്ടിട നിർമാണ പെർമിറ്റായി കണക്കാക്കാം. വ്യവസ്ഥ ലംഘിച്ചാൽ പിഴ നൽകേണ്ടിവരും. കുറഞ്ഞ അപകടസാധ്യതയുള്ളതല്ലാത്ത കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കാനുള്ള കാലയളവ് 30ൽനിന്ന് 15 ദിവസമാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ജനസംഖ്യാനുപാതികമായി വാർഡ്വിഭജനം നടത്തുകയും തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്ത 2020ലെ ഭേദഗതി ഒഴിവാക്കി, മുൻരീതി നിലനിർത്താൻ ഇതുസംബന്ധിച്ച ബിൽ വ്യവസ്ഥ ചെയ്യുന്നു. കോവിഡ് പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സമയത്തിൽ മാറ്റം വരുത്തിയ നടപടിക്കും തപാൽ വോട്ട് ഏർപ്പെടുത്തിയ തീരുമാനത്തിനും സാധുത നൽകിയുള്ള ഭേദഗതിയും ഉൾപ്പെടുത്തി.
ജനസംഖ്യ ഒരു ലക്ഷം കവിഞ്ഞ മുനിസിപ്പാലിറ്റികളിൽ കൗൺസിലർമാരുടെ എണ്ണം ഓരോന്നുവീതം വർധിപ്പിച്ച 2020ലെ മുനിസിപ്പാലിറ്റി ഭേദഗതി ആക്ടിന് മുമ്പുള്ള വ്യവസ്ഥ നിലനിർത്താനുള്ള കേരള മുനിസിപ്പാലിറ്റി ദേഭഗതി ബില്ലാണ് മറ്റൊന്ന്. 2018 ലെ പ്രളയത്തെതുടർന്ന് അതിജീവനക്ഷമത കൂടിയ പശ്ചാത്തല സൗകര്യങ്ങളും നഗരവത്കരണവും സാധ്യമാകൽ വ്യവസ്ഥ ചെയ്യുന്നതാണ് നഗര-ഗ്രാമാസൂത്രണ ഭേദഗതി ബിൽ. സംസ്ഥാന നഗര-ഗ്രാമാസൂത്രണ കമ്മിറ്റി രൂപവത്കരിക്കും. ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും 18 അംഗങ്ങളും കമ്മിറ്റിയിൽ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.