പ്രതിപക്ഷ രോഷം നിയമസഭയിലും; ഇന്നത്തേക്ക് പിരിഞ്ഞു; മാധ്യമവിലക്കില്ലെന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ചതിനെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ആദ്യദിനം തന്നെ പ്രക്ഷുബ്ധമായി. പ്രതിഷേധം ശക്തമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നിർത്തിവെച്ച നിയമസഭ നടപടികൾ അൽപസമയത്തിനകം പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടർന്നതോടെയാണ് സഭ പിരിഞ്ഞത്.
പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയില്ലെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രതിപക്ഷ യുവ എം.എൽ.എമാർ സഭയിലെത്തിയത്. ബാനറും പ്ലക്കാർഡും ഉയർത്തിയായിരുന്നു പ്രതിഷേധം.
ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള ഉപേക്ഷിച്ചു. അതേസമയം, മാധ്യമങ്ങളെ വിലക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിൽ മാധ്യമങ്ങൾ പ്രവേശിക്കാം. വാച്ച് ആൻഡ് വാർഡുമാരുടെ ആശയക്കുഴപ്പാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സ്പീക്കർ പ്രതികരിച്ചു.
നേരത്തെ, സഭയിലെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ ചാനലുകൾക്ക് നൽകിയിരുന്നില്ല. മീഡിയ റൂമിൽ മാത്രമാണ് മാധ്യമ പ്രവർത്തകെ പ്രവേശിപ്പിച്ചതും. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ചത് ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിന്നു. ഇതോടെയാണ് ചോദ്യോത്തരവേള തടസ്സപ്പെട്ടത്.
നേരത്തെ, രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് പൊലീസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിക്കുന്നു.
ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. 15ാം കേരള നിയമസഭയുടെ ഒരുമാസം നീളുന്ന അഞ്ചാം സമ്മേളനത്തിന്‍റെ ആദ്യദിനം തന്നെ ആരോപണ പ്രത്യാരോപണങ്ങളാൽ സഭാതലം പ്രക്ഷുബ്ധമാകുന്നതാണ് കാഴ്ച. ദേശീയതലത്തിൽ ഇടതുപക്ഷത്തിന് അപമാനമായ കൽപറ്റയിലെ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണവും വാഴ നടലും ഉയർത്തി സംസ്ഥാനത്തെമ്പാടും പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം അതുന്നയിച്ചുതന്നെ ആദ്യ ദിവസം സഭ ഇളക്കിമറിക്കുന്നതാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.