നിയമസഭ തെരഞ്ഞെടുപ്പ് പരാജയം: വടിയെടുത്ത് ലീഗ്
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദികളായ മണ്ഡലം കമ്മിറ്റികൾക്കെതിരെ വടിയെടുത്ത് മുസ്ലിം ലീഗ്. വിവിധ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം പഠിക്കാൻ നിശ്ചയിച്ച കമീഷന്റെ റിപ്പോർട്ട് തിങ്കളാഴ്ച കോഴിക്കോട്ട് ചേർന്ന പ്രവർത്തക സമിതി അംഗീകരിച്ചു.
ഇതുപ്രകാരം പാർട്ടി ഏക വനിത സ്ഥാനാർഥിയെ മത്സരിപ്പിച്ച കോഴിക്കോട്ട് സൗത്തിൽ കടുത്ത വിഭാഗീയത നടത്തിയ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കമ്മിറ്റി ഉടനെ പുനഃസംഘടിപ്പിക്കും. സിറ്റിങ് സീറ്റിലെ അപമാനകരമായ പരാജയത്തിന്റെ ഉത്തരവാദിത്തം മണ്ഡലം കമ്മിറ്റിക്കാണ്. എറണാകുളം കളമശ്ശേരിയിൽ കടുത്ത അച്ചടക്കലംഘനമുണ്ടായി. ഇതിന് ചുക്കാൻ പിടിച്ചത് ജില്ല പ്രസിഡന്റ് തന്നെയാണെന്ന് അന്വേഷണ കമീഷൻ റിപ്പോർട്ടിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദിനെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ശാസിച്ചു. അദ്ദേഹം മാപ്പപേക്ഷ നൽകിയതിനാൽ മറ്റു നടപടികളിൽനിന്ന് ഒഴിവാക്കി. അതേസമയം, നാല് പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ (വർക്കിങ് പ്രസി), പി.എസ്. ആശിഖ്, പി.എ. മമ്മു (വൈസ് പ്രസി), പി.എ. അഹമ്മദ് കബീർ (സെക്ര) എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി വിപുലീകരിച്ചത്.
കൊല്ലം ജില്ലയിൽ കടുത്ത വിഭാഗീയതക്കിടയാക്കിയ ജില്ല പ്രസിഡന്റ് അൻസാറുദ്ദീൻ, അഡ്വ. സുൽഫിക്കർ സലാം എന്നിവർക്ക് താക്കീതുനൽകി. ചൊവ്വാഴ്ച ചേരുന്ന ജില്ല കമ്മിറ്റിയിൽ സംസ്ഥാന നിരീക്ഷകർക്ക് അനുരഞ്ജനമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകും. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ പാർട്ടി സംവിധാനം ദുർബലമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാകും. വിഭാഗീയത കണ്ടെത്തിയ അഴീക്കോട്, കൂത്തുപറമ്പ്, കുറ്റ്യാടി, പേരാമ്പ്ര, കുന്ദമംഗലം, താനൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന പ്രതിനിധികളെ ചുമതലപ്പെടുത്തി.
ജിഫ്രി തങ്ങളുടെ നിലപാട് തിരിച്ചടിയല്ല -മുസ്ലിം ലീഗ്
കോഴിക്കോട്: വഖഫ് പ്രശ്നത്തിൽ പ്രതിഷേധത്തിൽനിന്ന് പിന്നാക്കംപോയ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ നിലപാട് മുസ്ലിം ലീഗിന് തിരിച്ചടിയല്ലെന്ന് പാർട്ടി ജന. സെക്രട്ടറി പി.എം.എ. സലാം. ഇക്കാര്യം ലീഗിന്റെ വഖഫ് സംരക്ഷണറാലിയിലൂടെ വ്യക്തമായതാണ്. പാർട്ടിയുടെ കൂടെ ആരെങ്കിലുമുണ്ടോ എന്ന് നോക്കിയല്ല സമരം തീരുമാനിക്കുന്നത്. വഖഫ് സമരത്തിൽ വിജയം കാണുന്നതുവരെ ലീഗ് പിന്മാറില്ല. കമ്യൂണിസം മതത്തിനെതിരാണെന്ന നിലപാടിൽ മാറ്റമില്ലെന്നും സലാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.