നിയമസഭ സമ്മേളനം ഇന്ന് മുതൽ; പ്രക്ഷുബ്ധമാവും
text_fieldsതിരുവനന്തപുരം: തെരുവിൽ തിളച്ചുമറിയുന്ന രാഷ്ട്രീയച്ചൂട് ഇനി നിയമസഭക്കകത്തേക്കും. 15ാം കേരള നിയമസഭയുടെ ഒരുമാസം നീളുന്ന അഞ്ചാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകുമ്പോൾ ആവനാഴിയിലെ ആയുധങ്ങൾക്ക് മൂർച്ചകൂട്ടി ഭരണപക്ഷവും പ്രതിപക്ഷവും. ആരോപണ പ്രത്യാരോപണങ്ങളാൽ ആദ്യദിനംതന്നെ സഭാതലം പ്രക്ഷുബ്ധമാകുമെന്നുറപ്പ്.
പി.ടി. തോമസിന്റെ പ്രസംഗങ്ങൾ ഇടിമുഴക്കംപോലെ മുഴങ്ങിയ സഭ ഹാളിലേക്ക് സമ്മിശ്ര വികാരങ്ങളുമായി തൃക്കാക്കര എം.എൽ.എ ഉമാ തോമസ് കടന്നുവരും. തൃക്കാക്കര സമ്മാനിച്ച വിജയമധുരം പ്രതീക്ഷിച്ചതിലധികം ഉൾക്കൊണ്ടാണ് പ്രതിപക്ഷമെത്തുന്നത്. ഒരുമാസത്തേക്കുള്ള ആയുധം പ്രതിപക്ഷത്തിന് കൈവെള്ളയിൽ വെച്ചുകൊടുത്താണ് ഭരണപക്ഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെത്തുന്നത്. തിങ്കളാഴ്ച രാവിലെ 8.15ന് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തന്ത്രങ്ങൾ രൂപപ്പെടുത്തിയാകും പ്രതിപക്ഷം സഭയിലെത്തുക. ദേശീയതലത്തിൽ ഇടതുപക്ഷത്തിന് അപമാനമായ കൽപറ്റയിലെ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണവും വാഴ നടലും ഉയർത്തി സംസ്ഥാനത്തെമ്പാടും പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം അതുന്നയിച്ചുതന്നെ ആദ്യ ദിവസം സഭ ഇളക്കിമറിച്ചേക്കും. സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച മുഖ്യമന്ത്രിയുടെ വിശദീകരണവും സി.പി.എം പ്രതിരോധവും ഒരുക്കിയാണ് ഭരണപക്ഷമെത്തുന്നത്. തിങ്കളാഴ്ച ചോദ്യോത്തരവേളയിൽതന്നെ ബാനർ ഉയർത്തി പ്രതിഷേധ പാതയിലേക്ക് പ്രതിപക്ഷം തിരിഞ്ഞാൽ സഭ നടത്തിപ്പ് സ്പീക്കർക്ക് പരീക്ഷണമാവും.
ചോദ്യോത്തരവേളയിൽ നക്ഷത്രചിഹ്നമുള്ള രണ്ടു ചോദ്യങ്ങൾ സ്വർണക്കടത്തിനെക്കുറിച്ചാണ്. ഏഴാമത്തെ ചോദ്യം പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും 11ാമത്തേത് ഭരണപക്ഷത്തിനായി ഐ.ബി. സതീഷും ഉന്നയിക്കും. അതുവരെ സഭ നടപടി തുടരുമോയെന്ന് കണ്ടറിയണം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം വരുംദിവസങ്ങളിലും പ്രതിപക്ഷത്തിന്റെ മൂർച്ചയുള്ള ആയുധമാവും. ഭരണമുന്നണിക്ക് പോറലേൽക്കുമോ രക്തം വീഴുമോയെന്നത് മുഖ്യമന്ത്രിയുടെ പ്രതിരോധത്തെ അടിസ്ഥാനമാക്കിയായിരിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ഊക്കും നാക്കും പ്രതിപക്ഷ നേതാവ് ഭരണപക്ഷത്തിനു നേരെ പ്രയോഗിക്കുമെന്നുറപ്പ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ ആക്രമണ ശ്രമത്തിൽ പിടിച്ചാകും ഭരണപക്ഷത്തിന്റെ പ്രത്യാക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.