രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം നാളെ മുതൽ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കിടെ 15ാം കേരള നിയമസഭയുടെ നാലാം സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുകയെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലോകായുക്ത ഓർഡിനൻസ്, സർവകലാശാലകളിൽ സർക്കാർ നേരിട്ട് നടത്തുന്ന ഇടപെടലുകൾ, കെ-റെയിൽ, പൊതുപരീക്ഷകളിലെ ഫോക്കസ് ഏരിയ നിർണയം, ശിവശങ്കറിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ തുടങ്ങിയ വിവാദങ്ങൾ സഭാസമ്മേളനത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും. 21ന് അന്തരിച്ച അംഗം പി.ടി. തോമസിന്റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി മറ്റ് നടപടികളില്ലാതെ പിരിയും. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച 22 മുതൽ 24 വരെ നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല.
2022-23 സാമ്പത്തികവര്‍ഷത്തെ ബജറ്റും അനുബന്ധ രേഖകളും 11ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. 14 മുതൽ 16 വരെ ബജറ്റിൻമേലുള്ള പൊതുചര്‍ച്ച. 17ന് 2021-2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യര്‍ഥനകള്‍ പരിഗണിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിർവഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് 22നും ഉപധനാഭ്യര്‍ഥനകളെയും വോട്ട്-ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം 21നും 23നും പരിഗണിക്കും. 21, 23 തീയതികളില്‍ സർക്കാർ കാര്യങ്ങള്‍ക്കായി മാറ്റിവെക്കപ്പെട്ട സമയം വിനിയോഗിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരി 21ന് ചേരുന്ന കാര്യോപദേശക സമിതി ശിപാര്‍ശ പ്രകാരം സഭ തീരുമാനിക്കും.
കാര്യപരിപാടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23ന് സഭ പിരിയും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയതലത്തിലുള്ള വനിത സാമാജികരെ പങ്കെടുപ്പിച്ച് നാഷനല്‍ വിമണ്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ് ഏപ്രിലിൽ സംഘടിപ്പിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.