21 ദിവസത്തിനിടെ പാസാക്കിയത് 34 ബില്ലുകൾ; നിയമനിർമാണത്തിൽ റെക്കോഡിട്ട് നിയമസഭ
text_fieldsതിരുവനന്തപുരം: നിയമനിർമാണത്തിൽ റെക്കോഡിട്ട് നിയമസഭയുടെ 21 ദിവസം നീണ്ട മൂന്നാം സമ്മേളനം അവസാനിച്ചു. 35 ബില്ലുകൾ അവതരിപ്പിക്കുകയും 34 എണ്ണം നിയമമാക്കുകയും ചെയ്തു. 44 ഓര്‍ഡിനന്‍സുകൾക്ക് പകരമാണ് 35 ബില്ലുകൾ സഭയുടെ പരിഗണനക്ക് വന്നത്. രണ്ട് ഓര്‍ഡിനന്‍സ് ഒഴിവാക്കുകയും സമാന സ്വഭാവമുള്ള ഏതാനും ഓര്‍ഡിനന്‍സുകള്‍ ക്ലബ്ബ് ചെയ്ത് ഒറ്റ ബില്ലായി അവതരിപ്പിക്കുകയും ചെയ്തതോടെയാണ് ബില്ലുകൾ 35 ആയത്.
ഇതിൽ 34 എണ്ണം സമ്പൂർണമായി പാസാക്കുകയും പൊതുപ്രാധാന്യമുള്ള 2021ലെ കേരള പൊതുജനാരോഗ്യ ബില്‍ വിശദ പരിശോധനക്കും പൊതുജനങ്ങളില്‍നിന്നുള്ള തെളിവെടുപ്പിനുമായി 15 അംഗങ്ങളടങ്ങുന്ന സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയക്കുകയും ചെയ്തു. സഭ സമ്മേളിച്ച 167 മണിക്കൂറില്‍ 101.24 മണിക്കൂർ നിയമനിർമാണത്തിന് മാത്രമായാണ് വിനിയോഗിച്ചത്.
നിയമനിർമാണ കാര്യത്തില്‍ കേരള നിയമസഭയുടെ ഇതുവരെയുള്ള നേട്ടങ്ങളെയൊക്കെ കവച്ചുവെക്കുന്ന പ്രകടനമാണ് ഈ സമ്മേളനകാലത്തുണ്ടായതെന്നും ഇത് സഭക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. 19 അടിയന്തര പ്രമേയ നോട്ടീസാണ് സഭയുടെ പരിഗണനക്ക് വന്നത്. 39 ശ്രദ്ധക്ഷണിക്കല്‍ നോട്ടീസും 199 സബ്മിഷനും സഭ പരിഗണിച്ചു. 600 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 6770 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളും ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതില്‍ നക്ഷത്ര ചിഹ്നമിട്ട മുഴുവന്‍ ചോദ്യങ്ങള്‍ക്കും നക്ഷത്ര ചിഹ്നമിടാത്ത 6620 ചോദ്യങ്ങള്‍ക്കും സമ്മേളനകാലത്തുതന്നെ ഉത്തരം ലഭ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.