പിണറായി ഗാരന്റിയും കൂറില്ലാത്ത കുടുംബനാഥനും
text_fieldsനടപ്പാകാറില്ലെങ്കിലും തെരഞ്ഞെടുപ്പുകളിൽ വാഗ്ദാനപ്പെരുമഴ പെയ്യിക്കൽ രാഷ്ട്രീയ പാർട്ടികൾക്ക് ആചാരമാണല്ലോ. ഓരോ കക്ഷിയും പറഞ്ഞതൊക്കെ നടപ്പായെങ്കിൽ കേരളത്തിനു മുന്നിൽ സിംഗപ്പൂരൊക്കെ നാണിച്ചേനെ. ലോക്സഭ തെഞ്ഞെടുപ്പിൽ ഇക്കുറി ‘ഗാരന്റി’ താരമാകുന്ന ലക്ഷണമാണ്. ‘മോദിയുടെ ഗാരന്റി’ എന്നാണ് ബി.ജെ.പി വാഗ്ദാനം. പ്രധാനമന്ത്രി തന്നെ ആ ഗാരന്റി കേരളത്തിൽ വന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ദേ വരുന്നു ‘പിണറായി ഗാരന്റി’. നിയമസഭയിലെ നന്ദിപ്രമേയ ചർച്ചയിൽ സി.പി.എമ്മിലെ കെ.വി. സുമേഷ്, മോദിയുടേത് ‘ഫേക് ഗാരന്റി’യാണെന്നും ഇടത് നയങ്ങളും പിണറായി വിജയനുമാണ് കേരളത്തിന്റെ ഗാരന്റിയെന്നും വിശദീകരിച്ചു.
കോൺഗ്രസുകാരാരും അപ്പോൾ സഭയിലുണ്ടായില്ല. അവരുടെ ‘ഗാരന്റി’ ആരെന്ന് വ്യക്തമല്ല. വൈകാതെ വരുമെന്ന് പ്രതീക്ഷിക്കാം. നന്ദിപ്രമേയ ചർച്ചയുടെ ആദ്യദിനം പ്രതിപക്ഷ ബഹിഷ്കരണം വന്നതോടെ ഭരണപക്ഷത്ത് ഉഷാർ കണ്ടില്ല. പ്രതിപക്ഷ നിരയെ പരിഹസിച്ച്, വിമർശിച്ച്, പ്രകോപിപ്പിച്ച്, തിരിച്ചടിച്ച് മുന്നേറുമ്പോഴുള്ള സുഖം കാലിയായ ബെഞ്ചുകളെ നോക്കുമ്പോൾ കിട്ടില്ല. അതവരുടെ പ്രസംഗങ്ങളിലും നിഴലിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയതിനെച്ചൊല്ലി നടുത്തളത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിന് സഭ സ്തംഭിപ്പിക്കാനായില്ല. ബഹളംവെച്ചിട്ടും പ്ലക്കാർഡുകളുയർത്തിയിട്ടും സ്പീക്കർ എ.എൻ. ഷംസീർ ലവലേശം കുലുങ്ങാതിരുന്നതോടെ ബഹിഷ്കരിക്കുകയേ മാർഗമുണ്ടായുള്ളൂ.
കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന സ്ഥിതിയിലാണ് ഭരണപക്ഷത്തിന് ഗവർണറുടെ പ്രസംഗം. നന്ദി പ്രമേയമാണെങ്കിലും നന്ദി പറയാനാകാത്ത സ്ഥിതി. ഗവർണറെ എതിർത്ത്, നന്ദിപ്രമേയത്തെ അനുകൂലിച്ച്, പ്രതിപക്ഷത്തെ വിമർശിച്ച് മുന്നേറ്റം. ഗവർണർ പദവിതന്നെ വേണ്ടെന്ന നയമാണ് സി.പി.ഐക്ക്. ഭരണഘടന ഭേദഗതിവരുത്തി അത് ഒഴിവാക്കണമെന്ന നിർദേശം ഇ. ചന്ദ്രശേഖരൻ മുന്നോട്ടുവെച്ചു.
കുടുംബത്തോട് കൂറില്ലാത്ത കുടുംബനാഥനെപ്പോലെ വിറളിപിടിക്കുകയാണ് ഗവർണറെന്ന് പാട്ടുകാരികൂടിയായ ദലീമ പറഞ്ഞു. കേരളത്തെ തകർക്കാൻ കേന്ദ്രവും ഗവർണറും യു.ഡി.എഫും ചേർന്ന പത്മവ്യൂഹമുണ്ടെന്ന് കെ.വി. സുമേഷ് കണ്ടെത്തി. ഗവർണറുടെ പ്രകടനം കണ്ടിട്ട് സിനിമയിലെ മാമൂക്കോയയുടെ കഥാപാത്രത്തെയാണ് കെ.കെ. ശൈലജക്ക് ഓർമ വന്നത്. അത് കീലേരി അച്ചുവല്ലേ എന്നായി മറ്റൊരംഗം. പേര് പറയില്ലെന്ന് ശൈലജ.
പ്രധാനമന്ത്രി രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയതിൽ സഭ ഒന്നാകെ ആശങ്കപ്പെട്ടു, വിമർശിച്ചു. ഇത് മതനിരപേക്ഷ രാജ്യത്തിന് ചേരാത്ത നടപടിയാണെന്ന് നന്ദിപ്രമേയം അവതരിപ്പിച്ച് ഇ. ചന്ദ്രശേഖരൻ തുറന്നടിച്ചു. ഇടത് സർക്കാറിനെതിരെ കോൺഗ്രസ് ഒറ്റുകാരുടെ വേഷം കെട്ടുന്നു, വ്യാജ ഐ.ഡി കാർഡുമായി നടക്കുന്ന സംഘികളാണ് കോൺഗ്രസുകാർ, കള്ളപ്പഹയന്മാരുടെ കേന്ദ്ര കമ്മിറ്റി അങ്ങനെ പ്രതിപക്ഷത്തെ കുറിച്ച് ഉയർന്ന വിമർശനങ്ങളേറെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.