മുഹ്സിന്റെ തിരുത്തലും ലഹരിയിലെ രാഷ്ട്രീയവും
text_fields‘ദയവുചെയ്ത് ലഹരി വിഷയം രാഷ്ട്രീയ ആരോപണ-പ്രത്യാരോപണമാക്കി മാറ്റി അതിന്റെ വില കുറച്ചുകാണരുത്’- മുഹമ്മദ് മുഹ്സിൻ ഇരുപക്ഷത്തോടുമാണ് ഈ അഭ്യർഥന നടത്തിയത്. ലഹരിയിൽ രാഷ്ട്രീയമായി ചെളിവാരിയേറ് നടത്തുന്ന ഘട്ടത്തിൽ പക്വതയാർന്ന സമീപനമായിരുന്നു മുഹ്സിന്റേത്. പിടിക്കപ്പെടുന്നവരുടെ രാഷ്ട്രീയം മാത്രം ചർച്ച ചെയ്യുകയും ലഹരിയെന്ന സാമൂഹിക വിപത്തിനെ നേരിടുകയെന്ന ചർച്ച നടക്കാതിരിക്കുകയും ചെയ്യുന്നു.
കക്ഷി രാഷ്ട്രീയമോ ജാതി മതമോ പ്രശ്നമാക്കിയെടുക്കാതെ ഒറ്റക്കെട്ടായി വിപത്തിനെ നേരിടണമെന്ന അഭ്യർഥനയാണ് മുന്നോട്ടുവെച്ചത്. ആ വാക്കുകൾ എല്ലാവരും ശ്രദ്ധിച്ചെങ്കിലും ധനാഭ്യർഥന ചർച്ച പിന്നെയും പഴയ പടി തന്നെ. രാഷ്ട്രീയം തന്നെ മുഖ്യം. യു.ഡി.എഫുകാർ സർവം എസ്.എഫ്.ഐയുടെ മേലിൽ ചാരി. സി.പി.എമ്മുകാരാകട്ടെ, കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും മേലിലും.
പാർട്ടിക്കാരെ പിടിക്കേണ്ടിവരുമോയെന്ന ഭയപ്പാടിൽ റെയ്ഡ് നിർത്തുമോയെന്നായിരുന്നു അൻവർ സാദത്തിന്റെ ഭയം. കളമശ്ശേരിയിൽ റിമാൻഡിലായ നാലുപേർ കെ.എസ്. യുക്കാരാണെന്ന് മറുഭാഗം ഓർമപ്പെടുത്തി. എല്ലാ റാഗിങ്ങിന്റെയും മയക്കുമരുന്നിന്റെയും തലപ്പത്ത് എസ്.എഫ്. ഐയാണെങ്കിൽ പറയാതിരിക്കാനാകുമോ എന്നായി പി.കെ. ബഷീർ. മോൻ ചത്താലും വേണ്ടില്ല, മരുമോളുടെ കണ്ണീർ കണ്ടാൽ മതിയെന്നപോലെ സർക്കാറിനെയും എസ്.എഫ്.ഐയെയും കുറ്റപ്പെടുത്താൻ ലഹരിയെ ഉപയോഗിക്കുകയാണെന്ന് എം. നൗഷാദ്. കെ.എസ്.യു എന്നത് കഞ്ചാവ് സ്റ്റുഡന്റ്സ് യൂനിയനായി മാറിയെന്ന കടുത്ത പ്രയോഗവും നൗഷാദ് നടത്തി. അത് അൺപാർലമെന്ററിയാണ്, രേഖകളിൽ നിന്ന് നീക്കമെന്ന് പ്രതിപക്ഷ നേതാവ്. പരിശോധിക്കുമെന്ന് ചെയറും. യൂത്ത് കോൺഗ്രസുകാരിൽനിന്ന് കഞ്ചാവ് പിടിച്ച പട്ടികയുമായാണ് എം.എസ്. അരുൺകുമാർ എത്തിയത്.
സ്വത്ത് സമ്പാദിക്കുക, അതിനായി എന്ത് വൃത്തികേടും കാണിക്കുക എന്ന സമീപനം ആഗോളീകരണ നയത്തിന്റെ ബാക്കി പത്രമാണെന്ന താത്വിക വിലയിരുത്തലാണ് പി. നന്ദകുമാർ നടത്തിയത്. തന്റെ സുഖം, തന്റെ സന്തോഷം, അമ്മയില്ല, അച്ഛനില്ല, പെങ്ങളും മറ്റാരുമില്ല, താൻ മാത്രം മതി, തന്നിലേക്ക് ചുരുങ്ങുന്ന ഈ സാമ്പത്തിക നയം സമസ്ത മേഖലയിലും പിടിമുറുക്കി. ലഹരിക്കെതിരായ നടപടിയും ഈ കാഴ്ചപ്പാടോടെ കാണണമെന്ന് അദ്ദേഹം നിർദേശിച്ചു. മൂലധന ശക്തികളുടെ ലാഭക്കൊതിയാണ് മയക്കുമരുന്ന് വ്യാപന കാരണമെന്ന് കെ.എൻ. ഉണ്ണികൃഷ്ണന്റെ പക്ഷം.
എക്സൈസ് മന്ത്രിയുടെ അവസ്ഥയിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന് പ്രയാസം. ഒരുവശത്ത് ഒയാസിസ് പോലെയുള്ള കമ്പനികൾ വരുമ്പോൾ ബ്രൂവറിയുടെയും മറ്റും വക്താവായി സംസാരിക്കേണ്ടിവരും. ഇതേ ലഹരി ഉപയോഗിച്ച് ആരെങ്കെിലും ആരെയെങ്കിലും അക്രമിച്ചാൽ ലഹരി ഉപയോഗിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കേണ്ടിവരുമെന്ന് പറയുന്നതും അതേ മന്ത്രി. ഏതെങ്കിലും സ്കൂളുകളിൽ വിമുക്തിയുടെ പരിപാടിക്ക് വിളിച്ചാൽ അവിടെ പറയേണ്ടിവരുന്നത് ലഹരി ഉപയോഗിക്കുന്നത് തെറ്റാണെന്ന്. ഇരിക്കുന്ന ഏതെങ്കിലും കുട്ടി മുഖത്ത് നോക്കി അങ്ങ് കുമ്പിടിയാണോ എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും?
തലസ്ഥാനത്തെ ലൈറ്റിനെ കുറിച്ചും പൊങ്കാലയെ കുറിച്ചുമൊക്കെ നേട്ടമായി പറയാൻ ഉളുപ്പില്ലേ എന്നായി അൻവർസാദത്ത്. സി.പി.എം എന്നത് കോർപറേറ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് ആയി മാറിയെന്ന ബഷീറിന്റെ പരാമർശം വായിൽ വന്നത് കോതക്ക് പാട്ട് എന്നേ എ. പ്രഭാകരൻ കണ്ടുള്ളൂ. ഇന്നല്ലെങ്കിൽ നാളെ കമ്യൂണിസ്റ്റ് പാർട്ടി ഉള്ളതുകൊണ്ട് സമാധാനപരമായി ജീവിക്കാൻ അവസരം കിട്ടിയെന്ന് പറയേണ്ടിവരുമെന്നായി അദ്ദേഹത്തിന്റെ പ്രവചനം. ഏഴ് ധനാഭ്യർഥനകളാണ് പരിഗണനക്ക് വന്നത്. സമയക്കുറവ് മൂലം പലരും വിഷയങ്ങളുടെ പേര് പോലും പരാമർശിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.